കോവിഡ് സമ്മാനിച്ച പലവിധ ശാരീരിക, മാനസിക ബുദ്ധിമുട്ടുകളില്‍ നിന്നും ലോകജനത ഇപ്പോഴും മുക്തമായിട്ടില്ല. ഇതു സംബന്ധിച്ച പഠനങ്ങള്‍ ലോകമെമ്പാടും നടക്കുന്നുമുണ്ട്. ഇപ്പോഴിതാ കോവിഡ് മഹാമാരിക്കാലത്തെ മറ്റൊരു ഞെട്ടിക്കുന്ന സംഗതി കൂടി പുറത്ത് വന്നിരിക്കുകയാണ്.
കോവിഡ് കാലത്ത് കുട്ടികളില്‍ അമിതവണ്ണം കൂടിയതായാണ് പഠനങ്ങള്‍ പറയുന്നത്. മൂന്നിനും നാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് അമിതവണ്ണം കൂടിയതായി കണ്ടെത്തിയത്. യൂറോപ്യന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്താണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് കുട്ടികളുടെ ബോഡി മാസ് ഇന്‍ഡക്സില്‍ വ്യത്യാസങ്ങളുണ്ടായതായി പഠനങ്ങള്‍ പറയുന്നു.
ഈ പ്രായപരിധിയിലുള്ള 25,049 കുട്ടികളിലാണ് പഠനം നടത്തിയത്. ഡലാനാ. ജോങ്കോപിങ്, സോംലാന്‍ഡ് എന്നീ സ്ഥലങ്ങളിലെ കുട്ടികളെ അടിസ്ഥാനപ്പെടുത്തി ആന്റണ്‍ ഹോംഗ്രെന് എന്ന ഗവേഷകന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. മൂന്ന് വയസുള്ള കുട്ടികളിലെ പഠനം പ്രകാരം പെണ്‍കുട്ടികളിലാണ് അമിത വണ്ണത്തിന്റെ തോത് കൂടിയതായി കണ്ടെത്തിയത്. കോവിഡിന് മുമ്പ് ഇത് 2.8 ശതമാനമായിരുന്നു. ശേഷം 3.9 ശതമാനമായി ഉയര്‍ന്നു.
ആണ്‍കുട്ടികളില്‍ 2.4 ശതമാനമായിരുന്നത് 2.6 ശതമാനമായി ഉയരുകയും ചെയ്തു. നാലു വയസുള്ള കുട്ടികളില്‍ ഇത് ഒരേ തോതിലാണ്. അഞ്ചു വയസുകാരുടെ ബി.എം.ഐയില്‍ കാര്യമായ മാറ്റം ഉണ്ടായില്ലെന്നും പഠനങ്ങള്‍ പറയുന്നു.


