സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തണമെന്ന് ഐഎംഎ. ഇക്കാര്യം ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്കി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. അതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ട്. എന്നാല്‍ അത് ഒരു സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ രൂപത്തിലാകരുത്. സംസ്ഥാനത്തെ സാഹചര്യം ഗുരുതരമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ഐഎംഎ പ്രസിഡന്റ് ഡോ. ഏബ്രഹാം വര്‍ഗീസ് പറഞ്ഞു.
ടെസ്റ്റുകള്‍ ഒരു ലക്ഷമാക്കി ഉയര്‍ത്തണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. ടെസ്റ്റുകള്‍ കുറവായിട്ടും രോഗാതുരതയില്‍ ദേശീയ ശരാശരിയേക്കാള്‍ കേരളം മുകളിലെത്തിയ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ മാത്രമേ പൊംവഴിയുള്ളൂവെന്ന് ഐഎംഎ പറയുന്നു.
രോഗ വ്യാപനം വളരെ രൂക്ഷമായ സാഹചര്യത്തിലാണ് നാം നില്‍ക്കുന്നത്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ രോഗികളായി മാറുന്നു. ഈ സാഹചര്യത്തില്‍ കൊവിഡ് ബാധിതരെ ചികിത്സിക്കാനും പരിചരിക്കാനും ആളുകള്‍ ഇല്ലാതാകും. ഇപ്പോഴത്തെ സ്ഥിതിയില്‍ ആള്‍ക്കൂട്ടം തടയുന്നത് അടക്കമുള്ള കര്‍ശന നടപടികളിലേക്ക് കടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന്റെ തുടക്കത്തിലുണ്ടായിരുന്ന ജാഗ്രത ഇപ്പോഴില്ല. ഒരു നിയന്ത്രണവുമില്ലാതെ ജനങ്ങള്‍ ഇടപഴകുന്നു. ഈ സാഹചര്യത്തില്‍, രോഗ വ്യാപനം തടയാന്‍, കര്‍ശന നിയന്ത്രണങ്ങളൊടെ ആരോഗ്യ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതെ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഐഎംഎ ചൂണ്ടിക്കാട്ടുന്നു.


