കേരളത്തിൽ ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 4 പേർക്ക് രോഗം ഭേദമായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കണ്ണൂർ -3, കാസർഗോഡ് – 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര് വിദേശത്ത് നിന്നും, രണ്ട് പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം എത്തിയത്. ഇതുവരെ 485 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 123 പേര് ഇപ്പൊൾ ചികിത്സയിലാണ്. 20,273 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 20,255 പേരും, ആശുപത്രികളില്‍ 518 പേരുമാണുള്ളത്. ഇന്ന് 151 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ 23,980. ഇതിൽ 23,277 എണ്ണം രോഗബാധയില്ലാത്തതാണ്.
ഇന്ന് നാല് പേര് രോഗമുക്തി നേടി. കണ്ണൂരില്‍ രണ്ട് പേരും കാസര്‍ഗോഡ് രണ്ട് പേരുമാണ് രോഗമുക്തി നേടിയത്.
റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് കേരളം ഹിന്ദുസ്ഥാന്‍ ലാറ്റക്സിന് കരാര്‍ നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഒരു ലക്ഷത്തോളം കിറ്റുകള്‍ സജ്ജമാണെന്നാണ് വിവരം. എന്നാല്‍ കിറ്റ് വിതരണത്തിനും ഉപയോഗത്തിനും ഐസിഎംആര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
രാജ്യത്ത് നേരത്തെ നിലവാരം കുറഞ്ഞ ചൈനീസ് കിറ്റുകള്‍ ഇറക്കുമതി ചെയ്തത് വിവാദമായിരുന്നു. 245 രൂപയുടെ കിറ്റുകള്‍ക്ക് 600 രൂപ വിലയിട്ടാണ് ചൈനീസ് കമ്ബനികള്‍ ഇന്ത്യയ്ക്ക് വിറ്റത്. ദില്ലി ഹൈക്കോടതി വിശദമായി ഇക്കാര്യം പരിശോധിച്ചപ്പോഴാണ് കിറ്റുകളുടെ പേരിലുള്ള തീവെട്ടിക്കൊള്ള പുറത്തുവന്നത്.
ഇത്ര വില ഹിന്ദുസ്ഥാന്‍ ലാറ്റക്സ് കമ്ബനി നിര്‍മിച്ച കിറ്റുകള്‍ക്കില്ല. കിറ്റൊന്നിന് 336 രൂപ നിരക്കിലാണ് കേരളസര്‍ക്കാരിന് ഹിന്ദുസ്ഥാന്‍ ലാറ്റക്സ് കിറ്റുകള്‍ നല്‍കുന്നത്. പ്രതിരോധ ശേഷി കൈവരിച്ചവരിലെ ഐജിജി ആന്റിബോഡി കണ്ടെത്താനും കിറ്റ് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


