കാസര്‍കോട്: വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. കാസര്‍ഗോഡ് നീലേശ്വരം അടുകം സര്‍ക്കാരി കോളനിയിലെ 35 വയസുകാരിയാണ് വീട്ടില്‍ ആണ് കുഞ്ഞിനു ജന്മം നല്‍കിയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. പെട്ടെന്നുണ്ടായ പ്രസവവേദനയെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കളുടെ സഹായത്തോടെ കനിവ് 108 ആംബുലന്‍സിന്റെ സഹായം തേടുകയായിരുന്നു.
ആംബുലന്‍സ് പൈലറ്റ് രാജേഷ് കെ, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ജോളി കെ ജോണ്‍ എന്നിവര്‍ സ്ഥലത്തെത്തി. ഉടന്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ജോളി കെ ജോണ്‍ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമശുശ്രൂഷ നല്കി ആംബുലന്‍സിലേക്ക് മാറ്റി. പിന്നാലെ പൈലറ്റ് രാജേഷിന്റെ നേതൃത്വത്തില്‍ അമ്മയും കുഞ്ഞിനെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.


