മൂവാറ്റുപുഴ: ജീവിതശൈലീ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ആധുനിക സംവിധാനങ്ങളോടെ ചികിത്സാകേന്ദ്രം ആരംഭിക്കുന്നു. ജീവിതശൈലീരോഗം സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി ചികിത്സിക്കുന്നതിനാണ് ‘360 ഡിഗ്രി മെറ്റബോളിക് സെന്റര്‍’ എന്ന പേരില്‍ ക്ലിനിക്ക് ആരംഭിക്കുന്നത്. ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാകും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
ആരംഭത്തില്‍ നിസ്സാരമായി കണക്കാക്കുന്ന പല ജീവിതശൈലി രോഗങ്ങളും വൈകാതെ ഗുരുതരമായ രോഗമായി മാറുന്നു. രോഗനിര്‍ണയം വൈകുന്നതും കൃത്യസമയത്തുള്ള ചികിത്സ വൈകുന്നതുമാണ് ഇത്തരം പ്രതിസന്ധിക്ക് കാരണമായി മാറുന്നത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച 360 ഡിഗ്രി മെറ്റബോളിക് കേന്ദ്രങ്ങള്‍ വിജയകരമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്തൊട്ടാകെ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ഓരോ ജില്ലയിലും രണ്ട് കേന്ദ്രങ്ങള്‍ വീതമാണ് ആരംഭിക്കുക. എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിക്ക് പുറമേ പറവൂര്‍ താലൂക്ക് ആശുപത്രിയിലും ആരംഭിക്കും.
പ്രമേഹം, പ്രമേഹത്തിന്റെ സങ്കീര്‍ണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറല്‍ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കാനും പള്‍മണറി ടെസ്റ്റ് നടത്തുന്നതിനും സൗകര്യം ഒരുക്കും. കേന്ദ്രത്തില്‍ ഫിസിയോതെറാപ്പിസ്റ്റ്, ഡോക്ടര്‍ തുടങ്ങിയവരുടെ സേവനം ഉണ്ടാകും. ആവശ്യമായ ജീവനക്കാരെ ദേശീയ ആരോഗ്യദൗത്യം (എന്‍.എച്ച്.എം.) ആണ് നിയമിക്കുന്നത്.
പതിനഞ്ചാം ധനകാര്യ കമ്മീഷന് മൂവാറ്റുപുഴ നഗരസഭയ്ക്ക് അനുവദിച്ച 45 ലക്ഷം രൂപ വിനിയോഗിച്ചാണ് കേന്ദ്രത്തിന്റെ നിര്‍മ്മാണം. ആശുപത്രിയിയില്‍ പേ-വാര്‍ഡ് കോംപ്ലക്സിനോട് ചേര്‍ന്നാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.