തിരുവനന്തപുരം: നിപ ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വിശദീകരണവുമായി ആരോഗ്യ സെക്രട്ടറി രംഗത്ത്. രോഗലക്ഷണങ്ങളോടെ മരിച്ചവരുടെ കണക്കും ചേര്‍ത്തതിനാലാണ് സര്‍ക്കാറിന്റെ കണക്കിനെക്കാള്‍ അന്താരാഷ്ട്ര ജേണലിലെ മരണസംഖ്യ കൂടിയത് എന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. 19 പേര്‍ക്കാണ് രോഗം ബാധിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് കൂടി ഉള്‍പ്പെട്ട സംഘത്തിന്റെ ഗവേഷണ പഠന റിപ്പോര്‍ട്ട് അനുസരിച്ച് രോഗം ബാധിച്ചവരുടെ എണ്ണം 23 ആണ്.
എന്നാല്‍ രോഗലക്ഷണങ്ങളോടെ മരിച്ച നാല് പേരുടെ കണക്കാണ് പഠനത്തില്‍ അധികമായി ചേര്‍ത്തത് എന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കുന്നു. സാമ്പിളുകള്‍ എടുക്കും മുമ്പ് ഇവര്‍ മരിച്ചിരുന്നു. അന്താരാഷ്ട്രാ ജേണലിലെ മാനദണ്ഡം അനുസരിച്ചാണ് ഇത് ചേര്‍ത്തത്. അതിനാലാണ് സര്‍ക്കാറിന്റെ കണക്കിനെക്കാള്‍ പഠനത്തിലെ മരണസംഖ്യ കൂടിയത് എന്നും ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം.
ആരോഗ്യവകുപ്പ് സെക്രട്ടറി കൂടി ഉള്‍പ്പെട്ട സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍, ദി ജോര്‍ണല്‍ ഓഫ് ഇന്‍ഫക്ഷ്യസ് ഡീസീസ് എന്നിവയിലാണ് പ്രസിദ്ധീകരിച്ചത്.

