തിരുവനന്തപുരം: സംസ്ഥാനത്താകെ ആശങ്കയിലാഴ്ത്തിയ നിപാ വൈറസ് ബാധയെക്കുറിച്ച് നവമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ജേക്കബ് വടക്കഞ്ചേരിക്കെതിരെയും മോഹന്‍ വൈദ്യര്‍ക്കെതിരെയും കേരള സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ പരാതി പ്രകാരമാണ് കേസെടുത്തത്.
പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്നയാളാണ് ജേക്കബ് വടക്കഞ്ചേരിയെന്നും മോഹന്‍ വൈദ്യര് ആയുര്‍വേദ ചികിത്സകനെന്നും അവകാശപ്പെടുന്നുവെന്നും പരാതിയില്‍ പറയുന്നു. കേരളത്തിലാകെ ജാഗ്രത നിര്‍ദേശം നല്കി ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് ഇരുവരും തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാര്‍ത്തകളുമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. നിപ വൈറസ് ബാധയെന്നത് അന്താരാഷ്ട്ര മരുന്നു കമ്പനികളുടെ വ്യാജപ്രചരണമാണെന്നും നിപ വൈറസ് എന്നൊന്ന് ഇല്ല എന്നുമായിരുന്നു ജേക്കബ് വടക്കാഞ്ചേരി ഫേസ്ബുക്ക് ലൈവിലൂടെ പങ്കു വെച്ചത്. അതേസമയം വൈറസ് രോഗബാധ കണ്ടെത്തിയ വവ്വാല് ഭക്ഷിച്ച ചാമ്പക്കയും മാമ്പഴവും കഴിച്ച് അതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു മോഹനന് വൈദ്യര് ചെയ്തത്. വവ്വാലുകള്‍ ഭാഗികമായി കഴിച്ച കായ്ഫലങ്ങള്‍ കഴിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുള്ളത്. എന്നാല്‍ ഇത്തരം പഴങ്ങള്‍ കഴിച്ചാല്‍ ഒരു പ്രശ്നവും ഇല്ല എന്ന തരത്തിലായിരുന്നു മോഹനന് വൈദ്യരുടെ വീഡിയോ. ഗുരുതരമായിട്ടുള്ള ഇത്തരം വ്യാജപ്രചരണങ്ങള്‍ ആള്‍ക്കാരെ കൂടുതല്‍ മരണത്തിലേക്ക് തള്ളിവിടുന്നുവെന്നായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്നുവന്ന പരാതി.


