മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയിലെ വന്ധ്യതാ നിവാരണ ക്ലിനിക്ക് അടക്കമുള്ള സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ ആശുപത്രിയില്‍ തന്നെ നിലനിര്‍ത്തുമെന്ന് ഹോമിയോ ഡി.എം.ഒ ഡോ.ലീന റാണി പറഞ്ഞു. ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ രോഗികളെ തിരിച്ചയച്ച പരാതിയില്‍ തിങ്കളാഴ് ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തുമെന്നും ഡി.എം.ഒ പറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി സീതാലയം പദ്ധതിക്ക് കീഴിലാണ് മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയില്‍ വന്ധ്യത നിവാരണ ക്ലീനിക്ക്(ജനനി), ലഹരി വിമോചന ക്ലീനിക്ക് (പുനര്‍ജ്ജനി),സദ്ഗമയ അടയ്ക്കമുള്ള സ്പെഷ്യല്‍ ക്ലീനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതില്‍ വന്ധ്യതാ നിവാരണ ക്ലിനിക്ക് എല്ലാ ബുധനാഴ്ചയുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ ജനറല്‍ ഒ.പിയിലും ഇവര്‍ക്ക് ചികിത്സ ലഭ്യമായിരുന്നു.
മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രി വന്ധ്യത ചികിത്സാരംഗത്ത് സംസ്ഥാനത്ത് ശ്രദ്ദേയമായതോടെ ഇതര ജില്ലകളില്‍ നിന്നടക്കം നിരവധി ദമ്പതികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. എന്നാല്‍ ഡി.എം.ഒയോ, ആശുപത്രി വികസന സമിതിയോ അറിയാതെ ആശുപത്രി സൂപ്രണ്ട് നടപ്പിലാക്കിയ പരിശ്കാരങ്ങളാണ് വിവാദമായത്. ഇതര ജില്ലകളില്‍ നിന്നുള്ള രോഗികള്‍ക്ക് ആശുപത്രിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതും, ജനറല്‍ ഒ.പിയില്‍ എത്തുന്ന ദമ്പതികളെ പരിശോധിക്കരുതെന്നും, ബുധനാഴ്ച നടക്കുന്ന വന്ധ്യതാ നിവാരണ ക്ലിനിക്കില്‍ രോഗികളെ എണ്ണത്തില്‍ ക്രമീകരണം വേണമെന്ന ആശുപത്രി സൂപ്രണ്ടിന്റെ പുത്തന്‍ പരിശ്കാരങ്ങളാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗികള്‍ക്ക് വിനയായത്. ആശുപത്രിയിലെ പുതിയ പരിശ്കാരങ്ങളറിയാതെ കഴിഞ്ഞ ദിവസങ്ങളില്‍ ദൂരെ ദിക്കുകളില്‍ നിന്നുമെത്തിയ ദമ്പതികളെ തിരിച്ചയച്ചതോടെയാണ് സൂപ്രണ്ടിന്റെ പരിശ്കാരങ്ങള്ക്കെതിരെ പ്രതിഷേധവുമായി രോഗികള്‍ രംഗത്തെത്തിയത്. രോഗികളുടെ എണ്ണത്തിലുണ്ടായ കൃമാതീതമായ വര്‍ദ്ദനവ് മൂലം ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വന്ധ്യത നിവാരണ ക്ലിനിക്കിന്റെ ഒ.പി.എല്ലാ ദിവസവും പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമാകുതിനിടയിലാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന വന്ധ്യത നിവാരണ ക്ലിനിക്കില്‍ രോഗികള്‍ക്ക് അപ്രാഖ്യാപിത വിലക്കുമായി സൂപ്രണ്ടെത്തിയത്.
വന്ധ്യത നിവാരണ ക്ലിനിക്കിന്റെ ഒ.പിയില്‍ 100, 120 ഓളം ദമ്പതികളാണ് ദിവസത്തില്‍ ചികിത്സ തേടിയെത്തുന്നത്. ആശുപത്രിയിലെ വന്ധ്യത നിവാരണ ക്ലിനിക്കിലെ ചികിത്സ നിരവധി രോഗികള്‍ക്ക് പോസറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചതോടെ ആശുപത്രിയിലെയ്ക്ക് ജില്ലയില്‍ നിന്നും, സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളായ മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം അടയ്ക്കമുള്ള ജില്ലകളില്‍ നിന്നുള്ള രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ചിലവ് കുറവും, പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാത്തതുമാണ് പലരേയും ഹോമിയോ ചികിത്സയ്ക്കായി പ്രേരിപ്പിക്കാന്‍ പ്രധാന കാരണം. അടുത്ത ഡിസംബര്‍ വരെ ചികിത്സയ്ക്കായി ബുക്കിംഗ് ചെയ്ത് കാത്തിരിക്കുന്ന രോഗികള്‍ ഏറെയാണ്. ആശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ എല്ലാം നിലനിര്‍ത്തുമെന്നും, വന്ധ്യതാ നിവാരണ ക്ലിനിക്ക് എല്ലാ ബുധനാഴ്ചയും പ്രവര്‍ത്തിക്കുമെന്നും, എല്ലാ ദിവസവും നടക്കുന്ന ജനറല്‍ ഒ.പി.യിലും ഇവര്‍ക്ക് ചികിത്സ തെടാമെന്നും, ഏതൊരാള്‍ക്കും തന്റെ സൗകര്യത്തിനും, ഇഷ്ടത്തിനും അനുസരിച്ച് ചികിത്സ തേടാനുള്ള അവകാശമുണ്ടന്നും ഇത് നിശേധിക്കാന്‍ കഴിയില്ലന്നും ഡി.എം.ഒ ഡോ.ലീന റാണി പറഞ്ഞു.


