തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ ചില വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് ബാധിച്ചതോടെ ആശങ്ക വര്‍ധിക്കുന്നു. അതേസമയം, കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പരീക്ഷയ്ക്കെത്തിയ ആളുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പട്ടം സെന്റ്. മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കീം പരീക്ഷക്കിടെ കൂട്ടം കൂടിയവര്‍ക്കെതിരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്. പട്ടം സെന്റ്. മേരീസില്‍ പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികളും അവര്‍ക്കൊപ്പമെത്തിയ രക്ഷിതാക്കളുമാണ് സാമൂഹ്യ അകലം പാലിക്കാതെ വലിയ രീതിയില്‍ കൂട്ടം കൂടിയത്. കനത്ത ജാഗ്രതയിലാവും പരീക്ഷ നടത്തുകയെന്നായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നതെങ്കിലും സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ നിന്നിരുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു.

