ഡറാഡൂണ്‍: യോഗ സാഹോദര്യത്തേയും സൗഹൃദത്തേയും വളര്‍ത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗയിലൂടെ ഇന്ത്യയുടെ കാല്പാടുകള് ലോകം പിന്തുടരുന്നുവെന്നും മോദി പറഞ്ഞു. അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ഡറാഡൂണിലുള്ള ഉത്തരാഘണ്ഡ് വനഗവേഷണ കേന്ദ്രത്തില്‍ നടന്ന യോഗാഭ്യാസത്തിന് നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അതിവേഗം മാറുന്ന ഈ കാലഘട്ടത്തില്‍ ഒരാളുടെ ശരീരത്തെയും തലച്ചോറിനെയും ആത്മാവിനെയും ഒരുമിച്ച് നിര്‍ത്താന്‍ യോഗ കൊണ്ട് സാധിക്കുമെന്നും ഇത് സമാധാനം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യോഗ ദിനം എന്നത് നല്ല ആരോഗ്യത്തിനായുള്ള വലിയ ചുവടുവെപ്പാണെന്നും മോദി പറഞ്ഞു. ചടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉത്തരാഘണ്ഡ് മുഖ്യമന്ത്രി അടക്കം ആയിരക്കണക്ക് പേര് യോഗ അഭ്യസിച്ചു.
യോഗ മതാതീതം ആരും അത് ഹൈജാക്ക് ചെയ്യാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
യോഗ മതാതീതം ആരും അത് ഹൈജാക്ക് ചെയ്യാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇത് തങ്ങള്‍ക്ക് മാത്രം അര്‍ഹിക്കുന്നതാണെന്ന് പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് അത് ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹറയുടെ നേതൃത്വത്തിലും യോഗ ദിനം ആചരിച്ചു. കൊച്ചിയില്‍ ഐ.എന്‍.എസ് ജമുനയില്‍ നാവിക ഉദ്യോഗസ്ഥരും യോഗ അഭ്യസിച്ചു.


