കൊച്ചി: ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെട്ട കേസിന്റെ ഫയല്‍ കൈമാറാന്‍ ഹൈക്കോടതിയിലെത്തിയ പൊലിസുകാരന് കൊവിഡ് ബാധിതനായതോടെ ഹൈക്കോടതി ജസ്റ്റിസ് സുനില്‍ തോമസ് സ്വയം നിരീക്ഷണത്തില്‍ പോയി. കോടതി മുറിയിലുണ്ടായിരുന്നവരും നിരീക്ഷണത്തിലേക്ക് പോയി. പൊലീസുകാരന് ആരോടെല്ലാം അടുത്ത് ഇടപഴകി എന്നറിയാന്‍ ഹൈക്കോടതിയിലെ സിസിടിവി ക്യാമറ ജില്ലാ ആരോഗ്യ വിഭാഗം പരിശോധിച്ചു. ഉദ്യോഗസ്ഥനുമായി അടുത്തിടപഴകിയ 60 ഓളം പേരോട് നിരീക്ഷണത്തില്‍ പോവാന്‍ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പോലീസുകാരന്റെ റൂട്ട് മാപ്പും ആരോഗ്യ വിഭാഗം തയാറാക്കി. ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോള്‍ അടുത്തിടപഴകിയ മുഴുവന്‍ ആളുകളേയും കണ്ടെത്തി. 40 ഓളം പേരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്കി. പൊലീസ് സ്റ്റേഷനില്‍ എത്തിയവരോടും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് 26 പൊലീസുകാരുടെ പരിശോധനാ ഫലം ലഭിക്കും. ഇന്നലെ പുറത്ത് വന്ന 13 പാശോധന ഫലങ്ങളില്‍ ഒരെണ്ണമാണ് പോസിറ്റീവായത്.


