തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല പരീക്ഷ തിയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഈ മാസം 21 മുതലാണ് പരീക്ഷ തുടങ്ങുക. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധമാണ്. പരിശോധനയില്‍ കൊവിഡ് പോസിറ്റീവായാല്‍ ആ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക മുറിയില്‍ പരീക്ഷ എഴുതാനുള്ള അവസരം ഉണ്ടാകും. പരീക്ഷാ ഹാളില്‍ ഓരോ വിദ്യാര്‍ത്ഥികളും തമ്മില്‍ രണ്ട് മീറ്റര്‍ അകലമുണ്ടാകുമെന്ന് സര്‍വകലാശാല അറിയിചു. പോസിറ്റീവ് ആയ വിദ്യാർത്ഥികൾ 17 ദിവസത്തിന് ശേഷം പ്രിന്‍സിപ്പല്‍മാരെ വിവരം അറിയിക്കണം, ഇവരുടെ പ്രാക്ടിക്കല്‍ പിന്നീടാകും നടത്തുക.
രോഗലക്ഷണമുളള വിദ്യാര്‍ത്ഥികള്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായാലും ആര്‍ടിപിസിആര്‍ പരിശോധന കൂടി നടത്തണം. രോഗലക്ഷണമില്ലാത്തവര്‍ ആന്റിജന്‍ പരിശോധന മാത്രം നടത്തിയാല്‍ മതി. അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെ ഈ നിബന്ധനകള്‍ ബാധകമാണ്.
ഹോസ്റ്റലുകളില്‍ എത്തുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ ആന്റിജന്‍ പരിശോധന നടത്തണമെന്നും വീട്ടില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളുമായി ഇടപഴകാന്‍ അനുവദിക്കില്ലെന്നുമാണ് തീരുമാനം. വിദ്യാർത്ഥികൾക്കുള്ള തിയറി ക്ലാസുകൾ ഓണ്‍ലൈൻ ആയിട്ടായിരിക്കും നടക്കുക. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസ്സാകും ആദ്യം തുടങ്ങുക.


