കേരളത്തിലെ വനിത ശിശുവികസന ജില്ലാ ഓഫീസുകളില്‍ ഇന്റര്‍നെറ്റ് സംവിധാനം വരുന്നു. ഓഫീസുകളില്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് വനിത ശിശുവികസന വകുപ്പ് 38.35 ലക്ഷം രൂപ അനുവദിച്ചുവെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 14 ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ഇ-ഓഫീസ് സംവിധാനം ആരംഭിക്കുന്നതിനുമാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. വനിതാ വികസനത്തിനും ശിശുക്ഷേമത്തിനും വേണ്ടി ഈ സര്‍ക്കാരാണ് വനിത ശിശു വികസന വകുപ്പ് രൂപീകരിച്ചത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ ഒരു പരിധിവരെ കര്‍ശനമായി തടയാനും കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷകള്‍ ഉറപ്പുവരുത്താനും സര്‍ക്കാരിനായി. സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവുമായ ശാക്തീകരണത്തിനുതകുന്ന പരിപാടികള്‍ ആവിഷ്ക്ക രിക്കുക, ലിംഗപരമായ വിവേചനം തടയുക, അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുക, കഴിവുകള്‍ വികസിപ്പിക്കുന്നതിനാവശ്യമായ നിയമപരവും സ്ഥാപനപരവുമായ സഹായം നല്‍കുക എന്നിവ ഈ വകുപ്പിന്റെ ചുമതലയില്‍പ്പെടും.
അങ്കണവാടി സേവനങ്ങള്‍, കേന്ദ്ര സംസ്ഥാന ന്യൂട്രീഷ്യന്‍ പോളിസികള്‍, സ്ത്രീകളുടേയും കുട്ടികളുടേയും ഹോമുകള്‍, മഹിളാമന്ദിരങ്ങള്‍, ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍, റസ്ക്യൂ ഹോം, ആഫ്റ്റര്‍കെയര്‍ ഹോം, വണ്‍ സ്റ്റോപ്പ് സെന്ററുകള്‍, എന്റെ കൂട്, വണ്‍ ഡേ ഹോം തുടങ്ങിയവയാണ് വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ളത്.സമ്പുഷ്ട കേരളം പദ്ധതി വഴി എല്ലാ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ നല്കി വിവര ശേഖരണവും സേവനവും മികവുറ്റതാക്കിയെന്നും മന്ത്രി പറഞ്ഞു.


