കോവളം രാജ്യാന്തര യോഗ ഭൂപടത്തിലേക്ക്. യോഗക്ക് പറ്റിയ മികച്ച ബീച്ചാണ് കോവളത്തേതെന്ന് രാജ്യാന്തര യോഗാ വിദഗ്ധ സംഘം. അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിച്ച യോഗ അംബാസഡേഴ്സ് ടൂറിനെത്തിയവരാണ് കോവളത്തിന് മികച്ച യോഗാ ഇടം എന്ന സാക്ഷ്യപത്രം നല്‍കിയത്. ഇന്നത്തെ പ്രഭാതം കോവളത്തിനും വിദേശ യോഗാ വിദഗ്ധര്‍ക്കും അവിസ്മരണീയമായി. 20 ലേറെ രാജ്യങ്ങളില്‍ നിന്നെത്തിയ അറുപത് യോഗാ വിദഗ്ധര്‍ കോവളം ബീച്ചില്‍ യോഗാ പ്രദര്‍ശനം നടത്തി.
പിന്നില്‍ ശാന്തമായ കടല്‍ , മുന്നില്‍ തെങ്ങിന് തലപ്പുകളിലൂടെ ഊര്‍ന്നിറങ്ങി എത്തുന്ന സൂര്യരശ്മികള്‍ – ശാന്തമായ മനസോടെ യോഗ ചെയ്യാന്‍ ഇതിലും മികച്ച ഇടം ലോകത്ത് മറ്റെങ്ങുമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു അര്‍ജന്റീനയില്‍ നിന്നുള്ള സാന്ദ്രാ ബാണ്‍സ്. ബ്യൂണസ് അയേഴ്സില്‍ ജനിച്ചു വളര്‍ന്ന സാന്ദ്ര കഴിഞ്ഞ 20 വര്‍ഷമായി ഇംഗ്ലണ്ടിലാണ്. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ സാന്ദ്ര യോഗ പരിശീലിപ്പിക്കുന്നുണ്ട്.
കടലിന്റെ കരുത്തും പ്രകൃതിയുടെ സാന്ത്വനവുമാണ് കോവളത്തിന് .ഏകാഗ്രതയോടെ യോഗ ചെയ്യാനാവുന്നിടം. ഇവിടെ വന്ന് യോഗയുടെ പൂര്‍ണത അനുഭവിച്ചറിയാന്‍ മറ്റുള്ളവരോട് പറയുമെന്ന് അമേരിക്കയില്‍ നിന്നെത്തിയ നിക്കോള്‍ റെനി മാത്യൂസ് പറയുന്നു. കണക്ടിക്കട്ട് ലിച്ച് ഫീല്‍ഡില്‍ ഷാരിം എന്ന യോഗാ പരിശീലന കേന്ദ്രം നടത്തുകയാണ് നിക്കോള്‍.
യോഗാ ടൂറില്‍ പങ്കെടുക്കുന്ന മറ്റു വിദേശികള്‍ക്കും കോവളം യോഗക്ക് പറ്റിയ മികച്ച ഇടം എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമില്ല.
യോഗ അംബാസഡര്‍ ടൂറോടെ കേരളം യോഗാ ടൂറിസത്തിന്റെയും ഇടമായി മാറുകയാണ്. ആയുര്‍വേദത്തിന്റെ ആവിര്‍ഭാവ ഇടമെന്ന നിലയിലും മികച്ച ആയുര്‍വേദ റിസോര്ട്ടുകളാലും ആയുര്‍വേദ ടൂറിസത്തിന്റെ കേന്ദ്രമായി കേരളം നേരത്തെ മാറിയിരുന്നു. യോഗ ടുറോടെ യോഗ ടൂറിസത്തിന്റെയും ഇടമാവുകയാണ് ഇവിടം .
ആരോഗ്യ ടൂറിസം , വെല്‍നസ് ടൂറിസം എന്നിവയാണ് ലോകത്ത് പ്രചാരമേറുന്നത്. കോവളത്തെ യോഗാ ടൂറിസത്തിന്റെ ഇടമാക്കി മാറ്റിയാല്‍ ഈ രംഗങ്ങളില്‍ കേരളത്തിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കും.


