മഹാരാഷ്ട്രയില്‍ ഒരു ക്യാബിനറ്റ് മന്ത്രിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. എന്‍സിപി നേതാവും സാമൂഹികനീതി വകുപ്പ് മന്ത്രിയുമായ ധനജ്ഞയ് മുണ്ഡെയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ അദ്ദേഹത്തിന്റെ ഓഫീസിലെ അഞ്ച് ജീവനക്കാര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി.
മെയ് ആദ്യം മന്ത്രി അശോക് ചവാന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഏപ്രിലില്‍ ഭവന മന്ത്രി ജിതേന്ദ്ര അവഹാദിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഒരു മാസത്തോളമുള്ള ചികിത്സക്കൊടുവില്‍ ഇവര്‍ രോഗമുക്തി നേടിയിരുന്നു. ഇതിന് ശേഷം മഹാരാഷ്ട്ര മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസാണിത്.
അതേസമയം, കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം 94000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3254 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊറോണ രോഗികളുടെ എണ്ണം 94041 ആയി ഉയര്‍ന്നു.