അതിരമ്പുഴ ഗ്രാമ പഞ്ചായത്തിനെ പുതിയ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഏറ്റുമാനൂര്‍ ക്ലസ്റ്ററിന്റെ ഭാഗമായിരുന്ന അതിരമ്പുഴയില്‍ സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് അതിരമ്പുഴ ഗ്രാമപഞ്ചായത്തിനെ പുതിയ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചത്. അതിരമ്പുഴയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിരമ്പുഴയില്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതിനും അഞ്ചോ അതിലധികം ആളുകളോ കൂട്ടം ചേരുന്നതിനും നിരോധനമുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. രണ്ടു മണിക്കു ശേഷം രാത്രി എട്ടുവരെ ഹോട്ടലുകള്‍ക്ക് പാഴ്സല്‍ സര്‍വീസ് നടത്താം. മാടപ്പള്ളി-13, വിജയപുരം-1, ആര്‍പ്പൂക്കര-1 എന്നീ ഗ്രാമപഞ്ചായത്തു വാര്‍ഡുകളെയാണ് ജില്ലാ കളക്ടര്‍ പുതിയ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. അതേസമയം കോട്ടയം മുനിസിപ്പാലിറ്റി-30, 32, ചങ്ങനാശേരി മുനിസിപ്പാലിറ്റി-31, മീനടം പഞ്ചായത്ത്-2, കാണക്കാരി പഞ്ചായത്ത്-3, മാടപ്പള്ളി പഞ്ചായത്ത്-18 എന്നീ വാര്‍ഡുകളെ കണ്ടെയിന്മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി. ജില്ലയില്‍ നിലവില്‍ 24 തദ്ദേശസ്ഥാപനങ്ങളിലെ 84 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാണ് ഇപ്പോഴുള്ളത്.

