മലപ്പുറം: മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ വഴിക്കടവ് പഞ്ചായത്തില്‍ രോഗം സ്ഥിരികരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. വഴിക്കടവ് പഞ്ചായത്തിലെ കാരക്കോടം പുഴയില്‍ സ്ഥിതി ചെയ്യുന്ന പമ്പിങ് സ്റ്റേഷനില്‍ നിന്നും വരുന്ന ജലനിധിയുടെ വെള്ളം പമ്പ് ചെയ്യുന്ന വാര്‍ഡുകളിലാണ് രോഗം പിടിപെടുന്നത്. രോഗ ലക്ഷണങ്ങളോടെ 35 പേര് നിരീക്ഷണത്തിലാണ്. ഇവരെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സമീപ പഞ്ചായത്തായ എടക്കരയിലെ ഒരാള്‍ക്കും കോളറ രോഗത്തിന്റെ ലക്ഷണങ്ങളുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേ സമയം കോളറ കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. അഡീഷണല്‍ പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ സക്കീനയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം വഴിക്കടവിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗ ലക്ഷണം കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും ഡോ സക്കീന മുന്നറിയിപ്പ് നല്കി.
വഴിക്കടവ് ടൗണിലെ ജലനിധിയുടെ കിണറില്‍ നിന്നുള്ള പമ്പിങ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. പകരം വാട്ടര്‍ അതോറിറ്റിയും ഗ്രാമപഞ്ചായത്തും ടാങ്കര്‍ വഴി കുടിവെള്ളം എത്തിക്കും.


