ശസ്ത്രക്രിയകൾ മാറ്റിവെച്ച സാഹചര്യമുണ്ടായ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിൽ അടിയന്തര യോഗം വിളിച്ച് ഡയറക്ടർ. വിവിധ വകുപ്പ് മേധാവികളുമായി നാളെ രാവിലെ ചർച്ച നടത്തും. ഉപകരണങ്ങൾ ലഭ്യമാകാത്തതിനാൽ ശസ്ത്രക്രിയകൾ മാറ്റിവെച്ചതോടെയാണ് യോഗം വിളിച്ചിരിക്കുന്നത്. നാളെ നടത്താനിരുന്ന 10 ശസ്ത്രക്രിയകളും മാറ്റിവെച്ചു.
ശസ്ത്രക്രിയ ഉപകരണങ്ങൾക്കുള്ള കരാറുകൾ കഴിഞ്ഞ രണ്ട് വർഷമായി ശ്രിചിത്ര പുതുക്കിയിരുന്നില്ല. ഔദ്യോഗിക ചാനൽ വഴി അല്ലാതെ ഉപകരണങ്ങൾ വാങ്ങില്ലെന്ന പിടിവാശിയാണ് പ്രതിസന്ധിക്ക് പിന്നിൽ. സാധാരണഗതിയിൽ ശ്രീചിത്രയിലെ പർച്ചേസ് വിഭാഗം ടെണ്ടർ ക്ഷണിച്ച് വിലകുറവുള്ള കമ്പനികളുമായി ചർച്ചനടത്തി ഒരുവർഷത്തേക്ക് വില നിശ്ചയിച്ച് ഉപകരണങ്ങൾ വാങ്ങുന്നതാണ് പതിവ്. എന്നാൽ 2023മുതൽ നിലവിലെ ഡയറക്ടർ ഇതിന് തയ്യറാകുന്നില്ല. ഇതോടെയാണ് സങ്കീർണമായ ശസ്ത്രക്രിയകൾ നടക്കുന്ന ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം പൂർണ്ണമായും നിശ്ചലമായത്.


