ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ദേഹാസ്വാസ്ഥ്യം. നാളെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കും. കഴിഞ്ഞ ദിവസം മുതൽ അരവിന്ദ് കേജ്രിവാളിന് നേരിയ പനിയും, തൊണ്ടവേദനയും അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കാൻ തീരുമാനിച്ചത്. നാളെ രാവിലെ എയിംസിലായിരിക്കും പരിശോധന. നിലവിൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണ്.
അതേസമയം, ഡൽഹിയിൽ 24 മണിക്കൂറിനിടെ 1282 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 28,936 ആയി. ഇതുവരെ 812 പേർ മരിച്ചു. കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയേയും മറികടന്ന് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ് മഹാരാഷ്ട്രയിൽ.
തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ 31,667ഉം മരണം 269ഉം ആയി. മുഖ്യമന്ത്രിയുടെ ഓഫീസിലെ 3 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഫീസ് അടക്കുകയും ഓഫീസിലെ മറ്റുള്ള ജീവനക്കാരെ ക്വാറന്റീനിലാക്കുകയും ചെയ്തു.


