മൂവാറ്റുപുഴ : കോവിഡ് ബാധിതരായ നിര്‍ധന കുടുംബങ്ങള്‍ക്ക് സാന്ത്വനവുമായി വീണ്ടും മാത്യു കുഴല്നാടന് എംഎല്‍എ. തന്റെ മുഴുവന്‍ പരിപാടികളും മാറ്റിവെച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി പൂര്‍ണമായി ഇറങ്ങി പൊതുജനത്തിന് സാന്ത്വനമായി മാതൃകയായിരിക്കുകയാണ് കുഴല്‍ നാടന്‍. സംസ്ഥാനം കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സാധാരണക്കാരായ പൊതുജനത്തിന് കൈത്താങ്ങായി മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ച് മണ്ഡലത്തിലെ ജനങ്ങളുടെ ഒപ്പം ചേരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ എന്നും മുന്നിലുണ്ടെന്ന വിശ്വാസം പകര്‍ന്നു കൊണ്ടാണ് മാത്യു കുഴല്‍നാടന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടക്കം.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിന്റെ ഭാഗമായി കോവിഡ് ടെസ്റ്റിന് പോകാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന നിര്‍ധനരായവര്‍ക്ക് ആവശ്യമായ വാഹന സൗകര്യം ഏര്‍പ്പെടുത്തിയതുള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. വാഹനം ഏര്‍പ്പെടുത്തിയത് കൂടാതെ കോവിഡ് പോസിറ്റീവായി വീടുകളില്‍ കഴിയുന്നവര്‍ക്ക് മരുന്നുകള്‍ ആവശ്യമെങ്കില്‍ എത്തിച്ചു നല്‍കും. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആവശ്യപ്പെടും പ്രകാരം ദക്ഷ്യധാന്യ കിറ്റുകളും എത്തിച്ച് നല്‍കും.
വിപുലമായ സേവനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം യുവജന സംഘടനകളും ഉള്‍പ്പെടുന്ന സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടുന്നതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഇതിനായി 9846212519, 9995089939, 9605952422 എന്നീ നമ്പരുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ഇത്തരം സേവനങ്ങള്‍ക്കപ്പുറം വീടുകളില്‍ കോവിഡ് പോസിറ്റീവായി കഴിയുന്ന ശ്രദ്ധയും പരിചരണവും ലഭിക്കേണ്ടവര്‍ക്ക് ആവശ്യമായ സഹായം എത്തിക്കാനുള്ള ബൃഹത് പദ്ധതി നടപ്പിലാക്കി മാതൃകയാകാനുള്ള തയാറെടുപ്പിലാണ് മാത്യു കുഴല്നാടന്. വീടുകളില്‍ കോവിഡ് പോസിറ്റീവായി കഴിയുന്ന നേരിട്ട് ശ്രദ്ധയും പരിചരണവും ലഭിക്കേണ്ടവര്ക്ക്് അവരുടെ ആവശ്യം മനസിലാക്കി പരിചരണവും സഹായവും എത്തിക്കുന്നതാണ് ബൃഹത് സംവിധാനം.
രാഷ്ട്രീയത്തിന് അതീതമായി യുവാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ ബൃഹത് പദ്ധതി നടപ്പിലാക്കുക. നാടിന് മാതൃകയാകുന്ന പദ്ധതിയാണ് നടപ്പിലാക്കുകയെന്ന് മാത്യു കുഴല്നാടന് പറഞ്ഞു. കോവിഡ് രണ്ടാം തരംഗം രാജ്യത്തെയും സംസ്ഥാനത്തെയും വരിഞ്ഞു മുറുക്കുമ്പോള്‍ ഒപ്പമുള്ളവര്‍ക്ക് ആശ്വാസമായി ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ കരുത്തായി ഒപ്പമുണ്ടാകുമെന്നും കുഴല്നാടന് പറഞ്ഞു.
മണ്ഡലത്തില്‍ കോവിഡ് പ്രതിരോധം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മാത്യു കുഴല്നാടന് എംഎല്‍എ മണ്ഡലത്തിലെ വിവിധ പിഎച്ച്എസ്സികളിലും സിഎഫ്എല്‍റ്റിസികളിലും സന്ദര്‍ശനം നടത്തി. തുടര്‍ന്ന് മൂവാറ്റുപുഴയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥരും അധികാരികളുമായി ചര്‍ച്ച നടത്തി മണ്ഡലത്തില്‍ കോവിഡ് പ്രതിഭോധ പ്രവര്‍ത്തനത്തിനുള്ള കുറവുകളും അടിയന്തിരമായി എത്തിക്കേണ്ട സൗകര്യങ്ങളെ സംബന്ധിച്ചും വ്യക്തത വരുത്തി.
ഇന്നലെ കളക്ടറുമായി നടന്ന ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ മണ്ഡലത്തിലെ വിവിധ ആവശ്യങ്ങള്‍ അദ്ദഹം ഉന്നയിച്ചു. അടിയന്തിരമായി വാക്സിന് എത്തിക്കേണ്ടതടക്കമുള്ള ആവശ്യങ്ങള്‍ കളക്ടറെ ബോധ്യപെടുത്തി.


