ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജിഎസ്ടി കുടിശിക നൂറുകോടിയോളമെന്ന് പ്രാഥമീക നിഗമനം. സംസ്ഥാന ഘടകത്തിന്റെ കഴിഞ്ഞ ആറ് വര്‍ഷത്തെ ?ജിഎസ്ടി കുടിശിക 50 കോടി രൂപയോളം വരുമെന്ന് സെന്‍ട്രല്‍ ജിഎസ് ടി വകുപ്പ് കണ്ടെത്തി. ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് ജിഎസ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചു. കേരള സംസ്ഥാന ഘടകത്തിന്റെ മാത്രം ബാധ്യതയാണിതെന്നും മറ്റ് ജില്ലാ ഘടകങ്ങളുടെ ബാധ്യത കണക്കാക്കി വരുന്നതേയുള്ളൂവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ജില്ല തിരിച്ച കണക്കുകള്‍ എത്തുമ്പോള്‍ നൂറുകോടി കഴിയുമെന്നാണ് പ്രാഥമീക വിലയിരുത്തല്‍.
ഐഎംഎയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അല്ലെന്നും അംഗത്വഫീസ്, വിവിധ സാമൂഹ്യസുരക്ഷാ ക്ഷേമ പദ്ധതികള്‍ ഇവയെല്ലാം ജിഎസ് ടി പരിധിയില്പ്പെടുന്നതായും സത്യവാങ്മൂലത്തില്‍ പറയുന്നു. വിവിധ സാമൂഹ്യ സുരക്ഷാപദ്ധതികള്‍ക്കായി ഐഎംഎ കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ 280 കോടി രൂപ സമാഹരിച്ചതായാണ് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ജി എസ് ടി ഇന്റലിജന്‍സിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. എന്നാല്‍ ഈ തുകയ്ക്ക് ആനുപാതികമായ നികുതി അടച്ചിട്ടില്ല.
ഐഎംഎയുടെ പ്രവര്‍ത്തനങ്ങള്‍ ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുന്നതല്ലെന്നും ജപ്തി നടപടികള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഐഎംഎ കേരള ഘടകം ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയ്ക്ക് ?മറുപടിയായാണ്സെന്ട്രല് ജി എസ് ടിയുടെ സത്യവാങ്മൂലം. ഐഎംഎയുടെ പ്രവര്‍ത്തനങ്ങള്‍ ‘സപ്ലൈ ഓഫ് സര്‍വീസിന്റെ’ പരിധിയില്‍ വരുന്നതല്ല എന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. എന്നാല്‍ ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, ഇന്‍ഷുറന്‍സ് സ്കീമുകള്‍ ഇവയെല്ലാം സിജിഎസ്ടി ആക്ടിന്റെ സെക്ഷന്‍ 2(17)ലെ നിര്‍വചന പ്രകാരം ബിസിനസിന്റെ പരിധിയില്‍ വരുന്നതാണ്. സെക്ഷന്‍ 7(1)(a) പ്രകാരം ഇത് ‘സപ്ലൈ ഓഫ് സര്‍വീസ്’ ആണെന്നും നികുതി പരിധിയില്‍ വരുന്നതാണെന്നും സത്യവാങ്മൂലത്തില്‍ സെന്‍ട്രല്‍ ജിഎസ്ടി വിശദീകരിക്കുന്നു. സമാനമായ രീതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടനകളും അസോസിയേഷനുകളുമെല്ലാം ജിഎസ്ടി അടയ്ക്കുന്നതായും സത്യവാങ്മൂലം പറയുന്നു. കൂടുതല്‍ പിഴ തുകയിലേക്കും മറ്റ് നിയമപരമായ തിരിച്ചടികളിലേക്കും നികുതി നിര്‍ണയ പ്രക്രിയ കടക്കാതിരിക്കാന്‍ ജി എസ് ടി സിജിഎസ്ടി ആക്ട് 73(4) / 74(4) പ്രകാരം ഐഎംഎയ്ക്ക് സമയം നല്‍കിയിരുന്നു.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ജിഎസ്ടി പരിധിയില്‍ വരുന്നതല്ലെന്ന് ഐഎംഎ ഹര്‍ജിയില്‍ വാദിക്കുമ്പോഴും ഈ കൊല്ലത്തെ അംഗത്വ ബ്രോഷറില്‍ 18 ശതമാനം ജിഎസ്ടി കൂടി ഉള്‍പ്പെട്ടതാണ് അംഗത്വ ഫീസെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അവര്‍ ജിഎസ്ടി രജിസ്ട്രേഷന് എടുക്കാനോ അംഗത്വഫീസിലെ ജിഎസ്ടി അടയ്ക്കാനോ തയ്യാറായില്ല. ഇതില്‍ നിന്നും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ജിഎസ്ടി പരിധിയില്വരുന്നതാണെന്ന കാര്യം ഭാരവാഹികള്‍ക്ക് അറിയാമായിരുന്നെന്നും നികുതി അടയ്ക്കുന്നതില്‍ ബോധപൂര്‍വം വീഴ്ച വരുത്തിയതാണെന്നും സെന്‍ട്രല്‍ ജിഎസ്ടി സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് അവര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അംഗത്വഫീസില്‍ നിന്നും ജി എസ് ടി ഒഴിവാക്കിയതെന്നും സത്യവാങ്മൂലം പറയുന്നു.
ഐഎംഎ ജീവകാരുണ്യ സംഘടനയെന്ന് നടിക്കുന്ന ഒരു സംഘടനയാണന്നും അവര്‍ ഹോട്ടലുകളും ബാറുകളും നടത്തുന്നതായും കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നതായും ഭൂമി ഏറ്റെടുക്കുന്നതായും ഭവന നിര്‍മ്മാണം നടത്തുന്നതായും ഡോക്ടര്‍മാര്‍ക്കായി ഇന്‍ഷുറന്‍സ് സ്കീമുകള്‍ അടക്കമുള്ള സേവനങ്ങള്‍ നല്‍കുന്നതായും രേഖകളില്‍ നിന്നും വ്യക്തമായി. ആദായനികുതി നിയമത്തിലോ ജിഎസ്ടി ആക്ടിലോ ഇതൊന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഐഎംഎയുടെ ഹര്‍ജി അപക്വമാണെന്നും ഡിജിജിഐയുടെ നിലവിലെ അന്വേഷണത്തെ സാവധാനത്തിലാക്കാനും നിയമവിരുദ്ധമായ നേട്ടം ലക്ഷ്യമിട്ടാണെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്. ഐഎംഎക്കെതിരെ നിരവധി പരാമര്‍ശങ്ങളും രൂക്ഷ വിമര്‍ശനങ്ങളുമാണ് സത്യവാങ്ങ്മൂലത്തിലുള്ളത്.


