ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്നലെ മാത്രം 42 പേരാണ് മരിച്ചത്. സൗദിയില്‍ 32, കുവൈത്ത് ആറ്, യു.എ.ഇ 3, ബഹ്റൈന്‍ ഒന്ന് എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം. ഇതോടെ ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 1253 ആയി. ആറായിരത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
സൗദിയില്‍ മരണസംഖ്യക്കൊപ്പം രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. രാജ്യത്തെ മരണസംഖ്യ 611ല്‍ എത്തി. 1975 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സൗദിയില്‍ മൊത്തം രോഗികളുടെ എണ്ണം 93000 കവിഞ്ഞു. ഖത്തറിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 1581 പേര്‍ക്കാണ് പുതുതായി രോഗം ഉറപ്പിച്ചത്. ഇതോടെ രോഗികളുടെ എണ്ണം അറുപത്തി മൂവായിരം കടന്നു. ഒമാനിലും ക്രമാതീത വര്‍ധന പ്രകടമാണ്. രോഗികളുടെ എണ്ണം പതിനാലായിരം പിന്നിട്ടു. യു.എ.ഇയില്‍ 659ഉം കുവൈത്തില്‍ 562ഉം ബഹ്റൈനില്‍ 414ഉം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഗള്‍ഫില്‍ രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തി നാല്പത്തി അയ്യായിരമായി. രോഗം ഭേദപ്പെട്ടവരുടെ എണ്ണമാകട്ടെ, ഒരു ലക്ഷത്തി അമ്പത്താറായിരം കവിഞ്ഞു.
ഇളവുകള്‍ സമ്പര്‍ക്കം മുഖേനയുള്ള രോഗവ്യാപനത്തിന് ആക്കം കൂട്ടിയിട്ടില്ലെന്നാണ് വിവിധ ആരോഗ്യ മന്ത്രാലയങ്ങള്‍ വ്യക്തമാക്കുന്നത്. മുന്‍കരുതല്‍ നടപടികള്‍ ഉത്തരവാദിത്ത ബോധത്തോടെ നടപ്പാക്കി രോഗവ്യാപന സാഹചര്യം തടയണമെന്നും വിവിധ രാജ്യങ്ങള്‍ വ്യക്തമാക്കി. അതേസമയം സൗദിയില്‍ 1381 പേരുള്‍പ്പെടെ രണ്ടായിരത്തിലേറെ പേരാണ് ഗള്‍ഫില്‍ അത്യാസന്ന നിലയില്‍ തുടരുന്നത്. ഇവരില്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യക്കാരും ഉള്‍പ്പെടും.


