കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ. കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ശാരീരിക അസ്വസ്ഥതയും ശ്വാസതടസവും അനുഭവപ്പെട്ടത്. സ്കൂളിനടുത്തുള്ള അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ചാണ് കുട്ടികൾക്ക് ആരോഗ്യ പ്രശ്നമുണ്ടായതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
കുട്ടികൾ പറയുന്നത് അനുസരിച്ച് ആദ്യം പ്രദേശത്ത് ദുർഗന്ധം പടർന്നു. അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ചില കുട്ടികൾക്ക് തലകറക്കവും ചിലർക്ക് തലവേദനയും മറ്റ് ചിലർക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ മുതലാണ് കുട്ടികൾക്ക് അസ്വസ്ഥയുണ്ടായത്. കുട്ടികളെ അമ്മയും കുഞ്ഞും ആശുപത്രിയിലും ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.


