Y.Ansary I
കൊച്ചി:മാനേജുമെന്റുകൾക്ക് കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി.മാലാഖമാർക്ക് ആശ്വാസവുമായി ഹൈക്കോടതിയുടെ വിധിയെത്തി.നഴ്സുമാർക്ക് മിനിമം വേതനം ഉറപ്പാക്കണമെന്നും ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി സർക്കാരിനോടാവശ്യപ്പെട്ടു. ഇതോടെ സർക്കാരിലെ ചില കേന്ദ്രങ്ങളുമായി മാനേജ്മെൻറ് പ്രതിനിതികൾ ഉണ്ടാക്കിയ രഹസ്യ ധാരണ പൊളിഞ്ഞു.
ശമ്പളപരിഷ്കരണത്തിനായി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനെതിരായി സ്വകാര്യമാനേജ്മെന്റുകൾ നൽകിയ ഹർജ്ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ജനകീയ വിധി.
മാനേജുമെന്റുകൾക്ക് കോടതിയിൽ നിന്നും കിട്ടുന്ന രണ്ടാമത്തെ തിരിച്ചടിയാണിതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അദ്ധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു. ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാരിനുമുന്നിൽ തടസ്സങ്ങളൊന്നുമില്ലെന്നും ജാസ്മിൻ ഷാ രാഷ്ട്രദീപത്തോട് പറഞ്ഞു.
സുപ്രീം കോടതിക്ക് പിന്നാലെ ഹൈക്കോടതിയിലും യുഎൻഎക്ക് നിയമപരമായ വിജയം…അടിയന്തിരമായി വിജ്ഞാപനം പുറത്തിറക്കാൻ സർക്കാർ നടപടി സ്വീകരിക്കുക…കെ.വി.എം ആശുപത്രി സർക്കാർ ഏറ്റെടുക്കുക…
Posted by Jasminsha on Tuesday, April 3, 2018
നേരത്തേ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇറക്കുന്നതു തടഞ്ഞിരുന്ന ഹൈക്കോടതി അനുരഞ്ജനത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനാണ് നിർദേശിച്ചിരുന്നത്. എന്നാൽ ഇതിനു ശേഷം ഒരു സമവായവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അന്തിമ വിജ്ഞാപനം ഇറക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. വളഞ്ഞ വഴി കാര്യങ്ങൾ വരുതിയിലാക്കാനുള്ള മാനേജ്മെൻറ് നീക്കം ഇതോടെ പൊളിഞ്ഞു.