സ്വന്തം ജീവിതം എല്ലാ അർത്ഥത്തിലും ആസ്വദിക്കാനുള്ള അവകാശം അവനവനിൽ മാത്രം നിക്ഷിപ്തമാണെന്നിരിക്കെ പങ്കാളികൾ തമ്മിലുള്ള ലൈംഗികതയുടെ കാര്യത്തിലും അങ്ങനെതന്നെയാണ്. ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള സെക്സ് ഇങ്ങനെ ആയിരിക്കണം, സാമൂഹികമായ നീതി വ്യവസ്ഥകൾക്ക് അനുകൂലമായിരിക്കണം എന്നൊക്കെയുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും യാഥാസ്ഥിതിക സമൂഹം മുന്നോട്ടു വച്ചേക്കാം.
പങ്കാളികൾ പരസ്പരം അവരുടെ മനസ്സിൽ മാത്രം ഒതുക്കി നിർത്തിയിരുന്ന ലൈംഗീക താത്പര്യങ്ങൾ തുറന്ന് പറയുമ്പോൾ ഇരുവരുടേയും മനസ്സുകൾ കൂടുതൽ സന്തോഷകരവും ഊർജ്ജസ്വലവുമാകുമെന്നതിൽ തർക്കമില്ല. സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദാമ്പത്യത്തിൽ സെക്സിനു വളരെയധികം പ്രാധാന്യം ഉണ്ട്. സെക്സ് ആവശ്യമെന്നു തന്റെ പങ്കാളിയോട് പറയാതെപറയുന്ന ചില രീതികളും അങ്ങനെ സെക്സ് കൂടുതൽ ആസ്വാദ്യകരമായി മാറുന്നതും എങ്ങനെയെന്ന് നോക്കാം.
1. പങ്കാളിയുടെ ചിന്തകളോട് സൂക്ഷമമായ സംവേദനക്ഷമത ഉള്ളവരായിരിക്കുക എന്നത് ലൈംഗിക ജീവിതവിജയത്തിന് അനിവാര്യമായ ഒന്നാണ്. കാഴ്ചയിലുള്ള പോരായ്മായോ മറ്റു ചില കാര്യങ്ങൾ കൊണ്ടോ പങ്കാളിയുടെ മനസ്സിൽ അസ്വസ്ഥതയോ ആത്മവിശ്വാസക്കുറവോ നിലനിൽക്കുന്നുണ്ടെങ്കിലും അത് മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്. ശ്രദ്ധയോടെയും സ്നേഹപൂർവ്വമുള്ളതുമായ പെരുമാറ്റം ഇത്തരം ആകുലതകൾ ഇല്ലാതാക്കാൻ സഹായിക്കും.
2. ദമ്പതികൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വർദ്ധിപ്പിക്കുന്ന ഒന്നാണ് ഗാഢമായ ആലിംഗനവും അമർത്തിയ ചുംബനനവും. ഒരു പോസിറ്റീവ് മനോഭാവം ഉണ്ടാക്കാൻ ഇത് ഉതകുന്നു. ഗാഢമായ ആലിംഗനത്തിലൂടെയും അമർത്തിയ ചുംബനങ്ങളിലൂടെയും ആരംഭിക്കുന്ന ലൈംഗികത കൂടുതൽ ആസ്വാദ്യകരമാകുമെന്നതിൽ സംശയമില്ല.
3.
3. മുൻവിധികൾക്കും സങ്കല്പങ്ങൾക്കും അടിപ്പെടാതിരിക്കുക എന്നത് ലൈംഗിക ജീവിതം വിജയമാക്കാൻ അത്യാവശ്യമാണ്. തനിക്കു ആസ്വദിക്കാനാവാത്ത രീതികൾ ഉണ്ടെങ്കിൽ അതേക്കുറിച്ചും തന്റെ ഇഷ്ടങ്ങളെക്കുറിച്ചും പങ്കാളിയോട് തുറന്നു പറയാൻ തയാറാകണം. അതിലൂടെ പരസ്പരം മനസ്സിലാക്കിയും ആസ്വദിച്ചും ചെയ്യേണ്ട ഒന്നാണിത്. തന്റെ ആവശ്യങ്ങളെ നിരാകരിച്ചേക്കാം, താൻ മോശക്കാരനോ മോശക്കാരിയോ ആയേക്കാം എന്നൊക്കെയുള്ള ചിന്തകൾകൊണ്ട് മനസ്സ് തുറക്കാതിരിക്കുന്നത് ഇപ്പോഴും വിപരീത ഫലം മാത്രമേ ഉണ്ടാക്കുകയുള്ളൂ.
4. തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ ജീവിച്ച രണ്ടു പേരുടെയും ചിന്തകളും മനോഭാവങ്ങളും രീതികളും ലൈംഗിക വീക്ഷണങ്ങളും തികച്ചും വ്യത്യസ്തമാണെന്ന് അറിയുക. അതുകൊണ്ടു തന്നെ പരസ്പരമുള്ള മനസ്സിലാക്കലും പൊരുത്തപ്പെടലുകളും അത്യാവശ്യമാണ്. താൻ മാത്രമാണ് ശരി എന്ന ചിന്ത പൊരുത്തക്കേടുകൾക്കു മാത്രമേ സഹായിക്കൂ. തെറ്റിധാരണകളില്ലാതെ പങ്കാളിയിലെ വൈരുദ്ധ്യങ്ങളെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയുമാണ് വേണ്ടത്.
5. സംഭ്രമവും അസ്വസ്ഥതകളും ലൈംഗികതയിലെ രസംകൊല്ലികളാണെന്നു പറയാതെ വയ്യ. അതുപോലെ തന്നെയാണ് മൊബൈൽ ഫോൺ പോലുള്ളവയുടെ ഇടപെടലുകളും. ദമ്പതികൾക്കിടയിൽ അവർ പരസ്പരം അർപ്പിക്കപ്പെടുമ്പോൾ അതിനിടയിലേക്കു മറ്റൊന്നിന്റെ കടന്നുകയറ്റം തീർത്തും അരോചകമായിരിക്കും. അതുകൊണ്ടു അത്തരം കാര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കണം.
6. കള്ളമില്ലാതെ നേരായ രീതിയിൽ സംയമനത്തോടെ വേണം ഏതു കാര്യവും ചെയ്യാൻ. ചെയ്തു തീർക്കേണ്ടതിനെക്കുറിച്ചോർത്തു വ്യാകുലപ്പെടാതെ അത് എങ്ങനെ നന്നായി ചെയ്യാം എന്ന് ചിന്തിക്കുക. മറ്റുള്ളവർക്ക് നമ്മൾ ചിന്തിക്കുന്നതെല്ലാം ഊഹിച്ചെടുക്കാൻ കഴിഞ്ഞെന്നു വരില്ല. അതിനാൽ വളഞ്ഞ വഴികൾ തേടാതെ എന്തും നേരായി ചെയ്യുക. അതുപോലെ തന്നെയാണ് ലൈംഗികതയുടെ കാര്യവും.
7. ദമ്പതികൾക്കിടയിലുള്ള നിശബ്ദതയെ വായിച്ചെടുക്കാൻ കഴിഞ്ഞാൽ അതൊരു വലിയ വിജയമായിരിക്കും. മാത്രമല്ല ഏറെ നീണ്ടുപോകാതെ അതിനെ ഖണ്ഡിക്കാനും കഴിയണം. നിശബ്ദതയുടെ കാരണങ്ങളെക്കുറിച്ച് പരസ്പരം ആരായാൻ കഴിയണം. ഒരുപക്ഷെ നിങ്ങളുടെ നിശബ്ദതയുടെ കാരണം തന്നെയാകാം പങ്കാളിയുടേതുമെന്നത് നിങ്ങളെ അത്ഭുതപ്പെടുത്തിയെന്നു വരാം.
8. പരസ്പരമുള്ള ബഹുമാനവും അഭിനന്ദനങ്ങളും ബന്ധത്തിന്റെ ഊഷ്മളത വർദ്ധിപ്പിക്കും. തനിക്കുവേണ്ടി ചെയ്തു തന്ന ചെറിയ കാര്യങ്ങൾ പോലും ഓർത്തിരുന്നു അതിനെക്കുറിച്ച് ഒരു നല്ല വാക്കു പറയുന്നത് പങ്കാളിയുടെ സന്തോഷവും അടുപ്പവും കൂട്ടുമെന്നതിൽ തർക്കമില്ല.
9. ജീവിതത്തിൽ ചർച്ചചെയ്തു തീരുമാനമെടുക്കേണ്ട പല കാര്യങ്ങളും ദമ്പതികൾക്കിടയിലുണ്ടാകും. കിടപ്പറയിലെത്തിയാലും അത്തരം വിഷയങ്ങൾ സംസാരിക്കുന്നവർ ചുരുക്കമല്ല.എന്നാൽ ഇത്തരം സംഭാഷണങ്ങൾ കിടപ്പറയിലും കൂടുതൽ നീട്ടിക്കൊണ്ട് പോകുന്നത് അത്ര അഭികാമ്യമല്ല.
10. പുരുഷൻ ചെയ്യേണ്ട കാര്യങ്ങൾ സ്ത്രീകൾ ചെയ്യേണ്ട കാര്യങ്ങൾ എന്ന് വേർതിരിവുകൾ വയ്ക്കാതിരിക്കുക. സ്വയം ആസ്വദിക്കുകയും പങ്കാളിയെ സന്തോഷിപ്പിക്കുകയും ചെയ്യുക എന്നത് മാത്രമാണ് കാര്യം. നല്ല രീതിയിലുള്ള ലൈംഗികതയും കരുതലും പങ്കാളികളെ കൂടുതൽ കൂടുതല്‍ അടുപ്പിക്കുക തന്നെ ചെയ്യും. ലൈംഗികതയിലല്ലാത്ത സമയങ്ങളിലും പങ്കാളികള്‍ തമ്മില്‍ അടുപ്പം കാണിക്കണം, വേണ്ടത്ര ആശയവിനിമയം നടത്തണം. പരസ്പരം കൈകോര്‍ത്ത് നടക്കുക, രസകരമായ സംഭാഷണത്തിലേര്‍പ്പെടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുകയും ഒപ്പം പങ്കാളിക്ക് കൂടുതല്‍ ബഹുമാനവും പ്രാധാന്യവും നല്‍കുകയും ചെയ്യുക.