മൂവാറ്റുപുഴ : കോവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുമ്പോൾ ജനപ്രതിനിധിയെന്ന നിലയിൽ ലഭിക്കുന്ന രണ്ട് മാസത്തെ ഓണറേറിയം ജനക്ഷേമ പ്രവർത്തനങ്ങൾക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചു ബ്ലോക്ക് പഞ്ചായത്തംഗം. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് തൃക്കളത്തൂർ ഡിവിഷനെ പ്രതിനിധികരിക്കുന്ന റീന സജിയാണ് തന്റെ ഡിവിഷനിലെ പ്രവർത്തനങ്ങൾക്കായി ഓണറേറിയം വിനിയോഗിക്കുന്നത്. രോഗികൾക്ക് മരുന്നുകൾ നൽകുന്നതിനും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാസ്ക്കുകൾ, കയ്യുറകൾ, പി. പി. ഇ കിറ്റുകൾ നൽകുന്നതിനുമാണ് റീന സജി തന്റെ ഓണറേറിയം ചെലവഴിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ ഉൾപ്പെട്ട എട്ട് വാർഡുകളിലും കോവിഡ് പ്രതിരോധ ഉപകരണങ്ങൾ സ്വന്തം നിലയിൽ എത്തിച്ചു നൽകുന്നതിന് റീന സജിക്ക് സാധിച്ചു. എല്ലാ വാർഡ് മെമ്പർമാർക്കുമാണ് ഇത് കൈമാറിയത്. കൂടാതെ സന്നദ്ധ സംഘടനയായ തണൽ പാലിയേറ്റിവിന് സുരക്ഷിതമായി കിടപ്പു രോഗികളെ പരിചരിക്കുന്നതിനും വിവിധ യുവജന സംഘടനകൾക്കും മാസ്ക്കുകൾ, കയ്യുറകൾ, പി. പി. ഇ കിറ്റുകൾ എന്നിവ തന്റെ ഓണറേറിയം വിനിയോഗിച്ചു നൽകി.
ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിപ്പിച്ച 8 പൾസ് ഓക്സിമീറ്ററുകളും വിവിധ വാർഡുകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി റീന സജി നൽകി. നിർധനരായ രോഗികൾക്കുള്ള മരുന്നുകളും തന്റെ ഓണറേറിയം വിനിയോഗിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം എത്തിച്ചു നൽകിയത്. സുമനസുകളുടെ സഹായത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ സുരക്ഷ ഉപകരണങ്ങൾ എത്തിച്ചു നൽകുമെന്നും റീന സജി അറിയിച്ചു.


