യുഎഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. വിസാ നിയമം ലംഘിച്ച് യുഎഇയില്‍ തങ്ങുന്ന പ്രവാസികള്‍ക്ക് പിഴയില്ലാതെ മടങ്ങാന്‍ നവംബര്‍ 17 വരെ സമയം അനുവദിച്ചു. മെയ് 18 ന് പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കാന്‍ ഇരിക്കെയാണ് നടപടി.
മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ചവര്‍ക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുക. സന്ദകര്ശക വിസ, താമസവിസ, കുടുംബവിസ തുടങ്ങി എല്ലാ വിസക്കാര്‍ക്കും ഈ ആനുകൂല്യമുണ്ട്. എന്നാല്‍, മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി തീര്‍ന്നവര്‍ക്കും, വിസ റദ്ദാക്കിയവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല.
പൊതുമാപ്പ് ആനുകൂല്യത്തില്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് പിന്നീട് തിരിച്ചുവരാന്‍ വിലക്കുണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി തീര്‍ന്നവര്‍ക്ക് പാസ്പോര്‍ട്ടും ടിക്കറ്റും കൈവശമുണ്ടെങ്കില്‍ മറ്റ് മുന്‍കൂര്‍ നടപടികളില്ലാതെ നാട്ടിലേക്ക് പോകാം. ദുബായ് വിമാനത്താവളം വഴി മടങ്ങുന്നവര്‍ 48 മണിക്കൂര്‍ മുമ്പ് വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ എത്തണം. അബൂദബി, ഷാര്‍ജ, റാസല്‍ഖൈമ എയര്‍പോര്‍ട്ടുകള്‍ വഴി മടങ്ങുന്നവര്‍ ആറ് മണിക്കൂറ് മുമ്പും എമിഗ്രേഷന്‍ വിഭാഗത്തില്‍ എത്തണം.
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന കുടുംബങ്ങള്‍ ഒന്നിച്ചാണ് തിരിച്ചുപോകേണ്ടതെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 800 453 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം.


