തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നീ വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തും വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ നേരിയ മഴ പെയ്യുന്നുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മത്സ്യ തൊഴിലാളികൾക്ക് നാളെ മുതല്‍ ചൊവ്വ വരെയുള്ള ദിവസങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ കടലില്‍ പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസവും 200 രൂപയും ഭക്ഷ്യകിറ്റും നല്‍കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു.


