കൊച്ചി: പ്രളയക്കെടുതിയില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പഞ്ചായത്തുകളില്‍ പുരോഗമിച്ച് വരുന്നു. കോളേജ് വിദ്യാര്‍ത്ഥികളായ വോളണ്ടിയര്‍മാര്‍ ഐടി മിഷന്റെ റീബില്‍ഡ് കേരള എന്ന മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണ് വിവര ശേഖരണം നടത്തുന്നത്. മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ടെക്നിക്കല്‍ അസിസ്റ്റന്റുമാരാണ് വോളണ്ടിയര്‍മാര്‍ക്ക് കണക്കെടുപ്പിനായുള്ള പരിശീലനം നല്‍കിയത്. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ക്ലര്‍ക്ക് എന്നിവര്‍ അതത് പഞ്ചായത്തുകളില്‍ കണക്കെടുപ്പിന് നേതൃത്വം കൊടുക്കുന്നു.
പ്രളയം ഏറെ ബാധിച്ച ചേന്ദമംഗലം പഞ്ചായത്തില്‍ 260 വിദ്യാര്‍ത്ഥികളാണ് വോളണ്ടിയര്‍മാരായി എത്തിയിട്ടുള്ളത്. ഇവര്‍ കോട്ടപ്പുറം കിഡ്സ് ക്യാമ്പസ്, മാഞ്ഞാലി എസ്.എന്‍.ജി.ഐ.എസ്.ടി ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജ്, പറവൂര്‍ ലക്ഷ്മി കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ്. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (വി.ഇ.ഒ) മാരായ വിജയ വി.എം, സീമ ടി.ആര് എന്നിവരുള്‍പ്പെടെ ഒന്‍പത് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ വോളണ്ടിയര്‍മാര്‍ക്കുള്ള സഹായത്തിനായി കൂടെയുണ്ട്. ചേന്ദമംഗലം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിജയമാലിനി പി.ആറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 480 കോടിയോളം രൂപയുടെ നഷ്ടം പഞ്ചായത്തിന് ഉണ്ടായി എന്നാണ് കണക്ക്. സെപ്തംബര്‍ 18 വരെ 4240 വീടുകളില്‍ കണക്കെടുപ്പ് നടത്തി. മുന്നൂറോളം വോളണ്ടിയര്‍മാരാണ് ചിറ്റാറ്റുകര പഞ്ചായത്തിലുള്ളത്. 4388 വീടുകളുടെ വിവരങ്ങള്‍ ശേഖരിച്ചതോടെ 70 ശതമാനം കണക്കെടുപ്പ് പൂര്‍ത്തിയായി. വിശദമായ പരിശോധനകള്‍ക്ക് ശേഷം നാല് വീടുകള്‍ പൂര്‍ണമായും 65 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി കണ്ടെത്തി. വി.ഇ.ഒമാര്‍, അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗം ഉദ്യോഗസ്ഥര്‍, ക്ലര്‍ക്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് വോളണ്ടിയര്‍മാര്‍ക്ക് നേതൃത്വം നല്‍കുന്നത്.
6681 വീടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് വടക്കേക്കര പഞ്ചായത്ത് 60 ശതമാനം കണക്കെടുപ്പ് പൂര്‍ത്തിയാക്കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ 180 വോളണ്ടിയര്‍മാരാണ് പങ്കെടുക്കുന്നത്. മാല്യങ്കര എസ്.എന്‍.എം.ഐ.എം.ടി കോളേജിലെ വിദ്യാര്‍ത്ഥികളാണ് പഞ്ചായത്തിലെ വോളണ്ടിയര്‍മാര്‍. ഈ മാസം 20, 21 എന്നീ അവധി ദിവസങ്ങളിലും കണക്കെടുപ്പ് തുടരും. ജൂനിയര്‍ സൂപ്രണ്ട് ഷാജന് ബി.എയുടെ നേതൃത്വത്തില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ വിജയകുമാര്‍ പി.പി, ആഷിഫ കെ.എ, സീനിയര്‍ ക്ലര്‍ക്കുമാരായ ഷിജു കെ.എ, ശ്രീരാജ് പി.ഡി, രമ്യ പി.കെ, ശ്രീകാന്ത് ഇ.സി, ക്ലര്‍ക്കുമാരായ ഷൈനി പി.എസ്, ലിജി എം.ബി, അജേഷ് എം.ടി എന്നിവരുടെ സഹകരണത്തോടെയാണ് കണക്കെടുപ്പ് പുരോഗമിക്കുന്നത്. സെപ്തംബര്‍ 18 വരെയുള്ള കണക്കെടുപ്പില്‍ 22 വീടുകളാണ് പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. 281 വീടുകള്‍ വാസയോഗ്യമല്ലാതായി. 587 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഏഴിക്കര പഞ്ചായത്തില്‍ 2088 വീടുകളുടെ കണക്കെടുപ്പ് നടന്നു. സെപ്തംബര്‍ 14 ന് ആരംഭിച്ച പ്രവര്‍ത്തനങ്ങളില്‍ കെടാമംഗലം എസ്.എന്‍ കോളേജിലെ 96 വിദ്യാര്‍ത്ഥികളാണ് വോളണ്ടിയര്‍മാരായി എത്തിയത്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തിലെ നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 241 വീടുകള്‍ ഭാഗികമായി തകരുകയും 78 വീടുകള്‍ വാസയോഗ്യമല്ലാതാവുകയും ചെയ്തു. 60 ശതമാനം വിവര ശേഖരണമാണ് ഇതുവരെ നടന്നിട്ടുള്ളത്. വി.ഇ.ഒമാരായ ഷൈമ എം.എസ്, ടെസി ഇ.എഫ് എന്നിവരുടെ നേതൃത്വത്തില്‍ മറ്റ് ഉദ്യോഗസ്ഥരായ ഷിജു പി.കെ, വിദ്യ പി.ജി, ബെല്സുരാജ്, ലുലു ജോസഫ് എന്നിവരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍. കെടാമംഗലം എസ്.എന്‍ ആര്‍ട്സ് കോളേജിലെ 158 വിദ്യാര്‍ത്ഥികളാണ് കോട്ടുവള്ളി പഞ്ചായത്തിലെ കണക്കെടുപ്പിനായി എത്തിയിട്ടുള്ളത്. 2565 വീടുകള്‍ പൂര്‍ത്തിയാക്കി. വിശദമായ പരിശോധന കഴിഞ്ഞ 240 വീടുകളില്‍ 30 എണ്ണം പൂര്‍ണമായി തകര്‍ന്നതും 131 എണ്ണം വാസയോഗ്യമല്ലാത്തതുമാണ്.
പള്ളുരുത്തി ബ്ലോക്കിലെ പഞ്ചായത്തുകളിലും കണക്കെടുപ്പ് പുരോഗമിക്കുകയാണ്. കുമ്പളം, കുമ്പളങ്ങി, ചെല്ലാനം എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ യഥാക്രമം 213, 117, 3310 എന്നിങ്ങനെയാണ് വീടുകളുടെ എണ്ണം. ഇടപ്പള്ളി സ്കൂള്‍ ഓഫ് അപ്ലൈഡ് സയന്‍സ് ആന്റ് ടെക്നോളജിയിലെ 63 വിദ്യാര്‍ത്ഥികളാണ് വോളണ്ടിയര്‍മാരായി കുമ്പളം പഞ്ചായത്തില്‍ എത്തിയിട്ടുള്ളത്. വി.ഇ.ഒമാരായ കവിത സി.എം, സുനില്‍ രാജ്, ദേവദാസ് ഡി.എച്ച് എന്നിവരുടെ നേതൃത്വത്തിലാണ് കുമ്പളങ്ങി പഞ്ചായത്തിലെ വിവര ശേഖരണം. വോളണ്ടിയര്‍മാരായി ഇടക്കൊച്ചി അക്കിനാസ് കോളേജ് വിദ്യാര്‍ത്ഥികളും എത്തി. പ്രളയത്തില്‍ കാര്യമായ നാശ നഷ്ടങ്ങള്‍ സംഭവിക്കാത്ത പഞ്ചായത്താണ് കുമ്പളങ്ങി. കണ്ടക്കടവ് സെന്റ് സേവ്യേഴ്സ് കോളേജിലെ 41 വിദ്യാര്‍ത്ഥികളാണ് ചെല്ലാനം പഞ്ചായത്തിലെ വോളണ്ടിയര്‍മാര്‍.


