വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരുടെ വായ്പകൾ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടൽ, ഇതൊന്നും പരിഹാര മാർഗമല്ല.റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും അനുമതി വാങ്ങിക്കൊണ്ട് ഈ പ്രദേശത്തെ കടം പൂർണമായും ഓരോ ബാങ്കും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബാങ്കുകൾക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളുവെന്നും മാതൃകാ പരമായ നടപടികൾ സ്വീകരിക്കണമെന്നും എസ്എൽബിസി (ബാങ്കേഴ്സ് സമിതി)യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ ആദ്യ ഘട്ട സഹായമായാണ് 10,000 രൂപ നൽകിയത്. എന്നാൽ ഇതിൽ നിന്നും ഗ്രാമീൺ ബാങ്ക് വായ്പ തിരിച്ചുപിടിച്ചു. ബാങ്കുകൾ യാന്ത്രികമായി മാറാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്. മാതൃകാപരമായ നടപടികൾ ബാങ്കുകൾ സ്വീകരിക്കണം. കേരള ബാങ്ക് അതിൽ മാതൃക കാണിച്ചു. ദുരിതബാധിതർക്കുളള സഹായ ധനത്തിൽ കയ്യിട്ട് വാരിയ ഗ്രാമീണ ബാങ്ക് നടപടി ശരിയല്ലെന്നും നടപടികൾ യന്ത്രികമായി മാറരുതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.


