മൂവാറ്റുപുഴ: കേരളത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഉണ്ടായ പ്രളയപ്പെടുതി നടപ്പു വര്‍ഷവും ഒഴിവാക്കുന്നതിനായി സമഗ്രമായ പദ്ധതി ആവിഷ്കരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. മൂവാറ്റുപുഴ, കോതമംഗലം ഉള്‍പ്പെടെ വെള്ളപ്പൊക്ക ബാധിത മേഖലയിലെ പ്രദേശവാസികളെല്ലാം ആശങ്കയിലാണ്. ഈ വര്‍ഷം കാലവര്‍ഷം കൂടതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. കോവിഡ് കാലഘട്ടത്തിന് ശേഷം മഴക്കാലം കൂടുതല്‍ ദുരിതമായി മാറാതെ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാന്‍ കഴിയുന്നതെന്ന് ഗൗരവമായി ആലോചിക്കണം. മലങ്കര ഡാം വിവിധ മേഖലകളില്‍ നിന്നും വന്നുചേരുന്ന പുഴകള്‍, തോടുകള്‍, മറ്റു സ്രോതസുകള്‍ എന്നിവ നിറഞ്ഞു കവിയാതെ വൃത്തിയാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണ്. ജനപ്രതിനിധികളെയും മറ്റു സന്നദ്ധപ്രസ്ഥാനങ്ങളെയും കൂട്ടിയോചിപ്പിച്ച് മീറ്റിങ്ങ് വിളിച്ച് ചേര്‍ത്ത് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്കി.

