മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്രദേശത്തെ രണ്ട് സ്കൂളുകൾ തകർന്നു. ഇക്കാര്യങ്ങൾ ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. പഠനത്തിനുള്ള ബദൽ ക്രമീകരണങ്ങൾ മന്ത്രിതല ഉപസമിതിയുമായി ചർച്ച ചെയ്ത ശേഷമെന്നും മന്ത്രി അറിയിച്ചു.
ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിലും , ചൂരൽമലയിലും കാണാതായവർക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക് നാൽപത് അംഗ ടീമുകളായി തിരിഞ്ഞ് ആറ് മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് പ്രത്യേകം തെരച്ചിൽ നടത്തും . ആർമി സംഘം മുണ്ടക്കൈ ഭാഗത്തേക്ക് നീങ്ങുകയാണ്. കനത്തമഴ രക്ഷാദൌത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. മുങ്ങൽവിദഗ്ധരുടെ സഹായത്തോടെ ചാലിയാർപുഴയിലും , പുഴയൊഴുകുന്ന ഉൾവനത്തിലും , സ്റ്റേഷൻ പരിധികളിലും തിരച്ചിൽ നടക്കും. ബെയ്ലി പാലം തുറന്നതോടെ ദൌത്യം കൂടൂതൽ വേഗത്തിലാകും. റഡാർ സംവിധാനവും,ഹെലികോപ്റ്ററുകളും തിരച്ചിന് ഉപയോഗിക്കും. ഉരുൾപൊട്ടലിൽ മരണസംഖ്യ 297 ആയി.


