മൂവാറ്റുപുഴ: മഴക്ക് ശമനമായതോടെ മൂവാറ്റുപുഴയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം പൂര്‍ണ്ണമായി ഇറങ്ങി. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞവര്‍ വീടുകളിലേക്ക് മടങ്ങി.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴയാറിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് നഗരത്തിലെ വിവിധയിടങ്ങളിലായി വീടുകളില്‍ വെള്ളംകയറിയ കുടുംബങ്ങളെയാണ് ചൊവ്വാഴ്ച ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് മാറ്റിപ്പാര്‍പ്പിച്ചത്. കടാതി എന്‍എസ്എസ് കരയോഗം, വാഴപ്പിള്ളി ജെബി സ്കൂള്‍, ടൗണ്‍ യുപി സ്കൂള്‍, കുര്യന്മല കമ്മ്യുണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നിരുന്നത്. ഇതില്‍ വാഴപ്പിള്ളി ജെബി സ്കൂളില്‍ 35 പേരും, ടൗണ്‍ യുപി സ്കൂളില്‍ 33 പേരും, കടാതി എന്‍എസ്എസ് ഹാളില്‍ 17 പേരും, കുര്യന്മല കമ്മ്യുണിറ്റി ഹാളില്‍ 4 പേരും ഉള്‍പ്പെടെ 89 പേരാണ് ക്യാമ്പുകളില്‍ കഴിഞ്ഞത്. ചിലര്‍ സമീപത്തെ ബന്ധുവീടുകളിലായിരുന്നു കഴിഞ്ഞിരുന്നത്. മഴക്ക് ശമനമായതോടെ വീടുകളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയിരുന്നു. തുടര്‍ന്ന് വീടുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളെല്ലാം നടത്തി കുടുംബങ്ങള്‍ വ്യാഴാഴ്ച ഉച്ചയോടെ തിരികെ വീടുകളിലേക്ക് മടങ്ങി.