തിരുവനന്തപുരം: മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും ഡബിള്‍ ഹോഴ്സിന്റെ മട്ട അരിയില്‍ മായം കലര്‍ന്നത് അറിഞ്ഞില്ല, അല്ലങ്കില്‍ അവര്‍ അറിഞ്ഞത് വാര്‍ത്തയാക്കിയില്ല.
ഡബിള്‍ ഹോഴ്സിന്റെ മട്ട അരിയില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മായം കണ്ടെത്തിയ ബാച്ചിലുള്ള അരി വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ ഭക്ഷ സുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്യം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഡബിള്‍ ഹോഴ്സിന്റെ മട്ട ബ്രോക്കണ്‍ അരി കഴുകുമ്പോള്‍ ബ്രൌണ്‍ നിറം മാറി തൂവെള്ളയാകുന്നുവെന്ന് കാണിച്ച് ജെസി നാരായണ്‍ എന്ന സാമൂഹ്യ പ്രവര്‍ത്തക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് നടപടിക്ക് കാരണമായത്.
പച്ചരിയില്‍ അമിതമായി തവിടെണ്ണയും തവിടും ചേര്‍ത്ത് നിറം മാറ്റി കബളിപ്പിച്ചു എന്നായിരുന്നു ആരോപണം. ഇത് ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ട്. ഇതോടെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്റ്റ് 2006 പ്രകാരം ഡബിള്‍ ഹോഴ്സ് കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കാനും രാജമാണിക്യം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ വീട്ടമ്മയുടെ ചോദ്യത്തിന് 'ഡബിൾ ഹോഴ്സ്' മറുപടി പറയാൻ തീർത്തും ബാധ്യസ്ഥരാണ്.
Posted by Syed Shiyaz Mirza on Saturday, July 7, 2018
ഡബിള്‍ ഹോഴ്സ് അരിയിലെ മായം ആരോപിച്ച് ജെസി ഒരു വാട്സ്അപ് ഗ്രൂപ്പിലിട്ട വീഡിയോ സെയ്ദ് ഷിയാസ് എന്നയാള്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് ഇത് പുറംലോകം അറിയുന്നത്. ഈ വീഡിയോ 50000 ത്തോളം ആളുകളാണ് ഷെയര്‍ ചെയ്തത്.12 ലക്ഷത്തോളം ആളുകള്‍ കാണുകയും ചെയ്തു. കമ്പനിയില്‍ നിന്നും വന്‍ തുകയ്ക്ക് പരസ്യങ്ങള്‍ സ്വീകരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ അരിക്കമ്പനിക്കെതിരെ ചെറുവിരല്‍ അനക്കില്ലെന്ന ബോധ്യത്തിലാണ് ജെസി ഇത് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുന്നതും സോഷ്യല്‍ മീഡിയ ഇത് പുറത്തുവിടുന്നതും. പോസ്റ്റ് വൈറലായതോടെ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ രാജമാണിക്യം സെയ്ദിനെ നേരിട്ട് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരായുകയായിരുന്നു.
തുടര്‍ന്ന് രാജമാണിക്യത്തിന്റെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥര്‍ ജെസിയുടെ വീട്ടിലെത്തി അരിയുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഇതേ ബാച്ചിലുള്ള അരിയുടെ സാമ്പിളുകള്‍ മറ്റ് കടകളില്‍ നിന്നും ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജെസി ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. ഇതോടെയാണ് അരി പിന്‍വലിക്കാന്‍ രാജമാണിക്യം ഉത്തരവിട്ടത്. ഇതോടെ ഡബിള്‍ ഹോഴ്സിന്റെ മറ്റ് ഉല്‍പ്പന്നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
അതേസമയം, അരിയില്‍ മായം കലര്‍ന്നിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഡബിള്‍ ഹോഴ്സും മാനേജ്മെന്റും. അതിനായുള്ള ന്യായീകരണങ്ങളും അവര്‍ നല്‍കുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡിന്റെ അരിയില്‍ മായ0 കലര്‍ന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും ഈ വാര്‍ത്ത പുറത്തുവിടാന്‍ തയാറായിട്ടില്ല.