മുഖം വെളുക്കാനും തിളക്കമുള്ളതാക്കാനും ഉപയോഗിക്കുന്ന ബ്ലീച്ചിംഗ് ക്രീമുകള്‍, ഫെയര്‍നസ് ക്രീമുകള്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ റുവാണ്ട സര്‍ക്കാര്‍ വിപണിയില്‍ നിരോധിച്ചു. ഇവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നിരോധനം. നിരോധനം പൂര്‍ണമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിരവധി ഉദ്യോഗസ്ഥരെ വിവിധയിടങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. ഹെെഡ്രോക്വിനോണ്‍ അടങ്ങിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കളാണ് സര്‍ക്കാര്‍ പൂര്‍ണമായി നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഹെെഡ്രോക്വിനോണ്‍ അടങ്ങിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ചാല്‍ ക്യാന്‍സര്‍ പോലുള്ള മാരക അസുഖങ്ങള്‍ പിടിപെടാം. ഹെെഡ്രോക്വിനോണ്‍ അടങ്ങിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്ബ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹെെഡ്രോക്വിനോണ്‍ അടങ്ങിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കടകളില്‍ നിന്ന് പിടികൂടാന്‍ സര്‍ക്കാര്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്ലീച്ചിംഗ് ക്രീം, സോപ്, ലോഷന്‍, ഫെയര്‍നസ് ക്രീം ഉള്‍പ്പെടെ 5000ത്തോളം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വിവിധ ബ്യൂട്ടി ഷോപ്പുകളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.


