കൊച്ചി: മലയാളത്തില്‍ ആദ്യമായി മുഴുവന്‍ അണിയറ ജോലികളും സ്ത്രീകള്‍ കൈകാര്യം ചെയ്യുന്ന സിനിമയ്ക്ക് തുടക്കമായി. ‘വയലറ്റ്സ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വനിതാ ദിനത്തില്‍ ഫേസ്ബുക്കിലൂടെ സാഹിത്യകാരി കെ ആര് മീരയാണ് അറിയിച്ചത്.

പാപ്പാത്തി മൂവ്മെന്റ്സിന് വേണ്ടി ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുക്തദീദിചന്ദ് ആണ് സംവിധായിക. പ്രശസ്ത തിരക്കഥാകൃത്ത് ടി ദാമോദരന്റെ കൊച്ചുമകളാണ് മുക്ത. അമ്മ ദീദി ദാമോദരനും അച്ഛന് പ്രേംചന്ദും സിനിമാ രംഗത്തുതന്നെയാണ്. ദീദി ദാമോദരന്‍ തിരക്കഥാകൃത്താണ്. രഞ്ജിത്തിന്റെ ഗുല്‍മോഹര്‍, ജോണ്‍ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കിയ ജോണ്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് ദീദിയാണ്. പ്രേംചന്ദ് ആണ് ജോണിന്റെ സംവിധായകന്.

മലയാളത്തില്‍ ആദ്യമായി ഫാത്തിമ റഫീഖ് ശേഖര്‍ തീം മ്യൂസിക് തയ്യാറാക്കുന്ന ചിത്രമാണിത്. പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിയാണ് നൃത്ത സംവിധാനം. ദ്രുത പെണ് ബാന്റിന് നേതൃത്വം നല്കുന്ന ശിവപാര്‍വ്വതി രവികുമാറാണ് സംഗീത സംവിധാനം. ബീനാപോള്‍ എഡിറ്റിങ്ങും ഫൗസിയ ഫാത്തിമ ഛായാഗ്രഹണവും ദീദി ദാമോദരന്‍ രചനയും നിര്‍വഹിക്കും. ഗാനരചന – -വി എം ഗിരിജ , കലാസംവിധാനം- ദുന്ദു , വസ്ത്രാലങ്കാരം- ഡെബലീന ബേറ , മേക്ക് അപ്- അജ്ഞലി നായര്‍.
സീമ , സജിത മഠത്തില്‍ , പ്രിയങ്ക , സരസ ബാലുശ്ശേരി , അര്‍ച്ചന പത്മിനി എന്നിവര്‍ക്കൊപ്പം രാമു , കൈലാഷ് , രജ്ഞിപണിക്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന് ഹരിഹരന് ആദ്യമായി ഒരു പ്രധാന കഥാപാത്രമായി വെള്ളിത്തിരയിലെത്തും.


