സ്കൂള്‍ കലോത്സവ വേദിയില്‍ നല്കിയ വാഗ്ദാനം മഞ്ജു വാര്യര്‍ നടപ്പിലാക്കി. ദുരിത ജീവിതത്തില്‍ നിന്നു മഞ്ജുവിന്റെ കൈതാങ്ങില്‍ റാന്നി വടശ്ശേരിക്കര ചരിവുകാലായില്‍ ചന്ദ്രികാദേവിയുടെ മൂന്നു പെണ്മക്കളില് ഇളയവളായ വിദ്യക്കും കുടുംബത്തിനും വീടായി. .
നിരവധിപേരുടെ സഹായത്തോടെയാണ് വിദ്യ കലോത്സവങ്ങളില്‍ പങ്കെടുത്തിരുന്നത്. രോഗിയായ ചന്ദ്രികാദേവിക്കു ചികിത്സച്ചെലവും കണ്ടെത്തേണ്ടിവന്നു. ഇവരുടെ സ്ഥിതി മനസ്സിലാക്കിയാണ്, നൃത്തയിനങ്ങളില്‍ കഴിവുതെളിയിച്ചിരുന്ന വിദ്യക്ക് വീടു നിര്‍മിച്ചു നല്‍കാനും ചികിത്സാസഹായം നല്‍കാനും മഞ്ജു വാര്യര്‍ മുന്നോട്ടുവന്നത്.

വിദ്യയുടെ നഴ്സായ ചേച്ചി സമ്പാദിച്ച പണം ചേര്‍ത്ത് അഞ്ചുസെന്റ് സ്ഥലം വാങ്ങുകയായിരുന്നുവെന്ന് ചന്ദ്രികാദേവി പറഞ്ഞു. പത്തുമാസം മുമ്പാണ് സ്ഥലം ലഭിച്ചത്. പിന്നീടു മഞ്ജവിന്റെ നേതൃത്വത്തില്‍ വേഗത്തില്‍ വീട് പൂര്‍ത്തിയാക്കിത്തന്നു. ചെന്നൈ എംജെ ജാനകി കോളേജിലെ ബിഎ ഭരതനാട്യം വിദ്യാര്‍ത്ഥിനിയാണിപ്പോള്‍ വിദ്യ. നൃത്തപഠനച്ചെലവും അമ്മയ്ക്കു മരുന്നു വാങ്ങാനുള്ള പണവും, കണ്ടനാള്‍ മുതല്‍ മഞ്ജു വാര്യര്‍ നല്‍കിവരുന്നതായി വിദ്യ പറഞ്ഞു. വടശ്ശേരിക്കര ഫോറസ്റ്റ് ചെക്ക്പോസ്റ്റിനു സമീപം പുറമ്പോക്കു സ്ഥലത്തു ചായക്കട നടത്തിയാണ് ചന്ദ്രികാദേവി കുടുംബം പോറ്റിയിരുന്നത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മഞ്ജു വാര്യര്‍ വീട് വെക്കാന്‍ സഹായം പ്രഖ്യാപിച്ചിരുന്നു. പല കുട്ടികളുടേയും അവസ്ഥ കണ്ട് അവരില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പാട് അനുഭവിക്കുന്ന 4 കുട്ടികള്‍ക്കാണ് നടി വീട് വാഗ്ദാനം ചെയ്തത്.


