സെന്റ് തെരേസാസ് കോളേജില്‍ നടക്കുന്ന മൂന്നു ദിവസത്തെ ധ്യാനത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിര്‍ദേശം വിവാദമായി
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വിശ്വാസം അടിച്ചേല്‍പ്പിക്കുന്നത് മതേതരത്വ കേരളത്തിന് അപമാനമാണന്ന് എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി എന്‍.അരുണ്‍ പറഞ്ഞു. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നടക്കുന്ന മൂന്നു ദിവസത്തെ ധ്യാനത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിര്‍ദേശം പ്രതിഷേധാര്‍ഹമാണന്നും അദ്ധേഹം പറഞ്ഞു.
അധ്യയന ദിവസങ്ങളില്‍ ധ്യാനം നടത്തുകയും പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്റന്‍സ് നഷ്ടമാകുമെന്നും, ഇന്റേണല്‍ മാര്‍ക്ക് കുറക്കുമെന്നുമെല്ലാം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു എന്നാണ് അറിയാന്‍ സാധിക്കുന്നത്. വിവിധ സമുദായങ്ങള്‍ കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നു.
വ്യത്യസ്ഥ മതത്തില്‍ പെട്ട കുട്ടികളാണ് ഇവിടെല്ലാം പഠിക്കുന്നത്. തങ്ങളുടെ മത വിശ്വാസം എല്ലാ വിദ്യാര്‍ത്ഥികളിലും അടിച്ചേല്‍പ്പിക്കുക എന്നത് മൗലിക അവകാശ ലംഘനവും വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവുമാണ്. ‘സ്വയംഭരണ ‘ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക ദുരന്തങ്ങളില്‍ ഒന്നാണിത്. മത സാമുദായിക ജാതി സംഘങ്ങള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ‘സ്വയം ഭരണ’ പദവി ഉപയോഗിക്കുമ്പോള്‍, ആരാലും തങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ല എന്ന അഹങ്കാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ മതേതര കേരളത്തിന്റെ പൊതുബോധം ഉയരേണ്ടതുണ്ട്.


