പാലക്കാട്: പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതില്‍ ആശങ്കയുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. വിഷയത്തില്‍ സർക്കാരിനെ ആശങ്ക അറിയിക്കുമെന്ന് പി എസ് സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു.നമ്മൾ നികുതി കൊടുത്ത്, ആ നികുതിയുടെ ഒരു വിഹിതം നമുക്ക് കിട്ടണം എന്നുള്ളത് സ്വാഭാവികമായ ന്യായമാണ്. അത് കിട്ടണം. എന്നാൽ അതിനോടൊപ്പം കേന്ദ്രം ഉദ്ദേശിക്കുന്ന തരത്തിൽ വർഗീയത വളർത്താനോ അത് ആളിക്കത്തിക്കാനോ കഴിയില്ലെന്ന് സഞ്ജീവ് വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിൽ കടുത്ത അമർഷവുമായി സിപിഐ. ബിനോയ് വിശ്വം ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം പരസ്യമായി അവരുടെ പ്രതിഷേധം പങ്കുവെച്ചു. നിർണായക സിപിഐ സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. വിഷയം യോഗത്തിൽ ചർച്ചയാകും. ഇടത് മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സെക്രട്ടറിയേറ്റ് തുടങ്ങും മുന്‍പ് ബിനോയ് വിശ്വം പ്രതികരിച്ചു. മുന്നണി വിടുമോയെന്ന ചോദ്യത്തിന്, 12.30 ക്ക് ശേഷം പറയാം എന്നുമായിരുന്നു മറുപടി.


