കൊച്ചി: സമാനതകളില്ലാത്ത പ്രകൃതി ദുരന്തം നാശം വിതച്ച ജില്ലയിലെ സ്കൂള്‍ ലൈബ്രറികള്‍ പുന:സൃഷ്ടിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പരിപാടി വരുന്നു. സഹപാഠിക്കൊരു പുസ്തകം എന്ന പദ്ധതിയിലൂടെ ജില്ലയിലെ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ ലൈബ്രറി പുസ്തകങ്ങള്‍ ശേഖരിച്ച് ദുരന്തബാധിതമായ 30 സ്കൂളുകള്‍ക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഓരോ ബി.ആര്.സികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് സ്കൂളുകള്‍ വീതം ആകെ 30 വിദ്യാലയങ്ങള്‍ക്കാണ് പദ്ധതി. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഇതിനായി പ്രത്യേക അസംബ്ലികള്‍ വിളിച്ചുകൂട്ടി സന്ദേശം നല്കി. വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഒരു ദിവസം കൊണ്ട് പുസ്തകങ്ങള്‍ സംഭരിച്ച് സ്കൂളിലെത്തിക്കും. സബ് ജില്ലാ കേന്ദ്രങ്ങളില്‍ ശേഖരിക്കുന്ന പുസ്തകങ്ങള്‍ നവംബര്‍ ഒന്നിന് 30 സ്കൂളുകളില്‍ എത്തിച്ച് ലൈബ്രറികള്‍ പുന:സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ദുരന്ത പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ യുവതലമുറയുടെ പങ്കാളിത്തം ഉറപ്പിക്കാനുളള ഈ പദ്ധതി വിജയിപ്പിക്കാന്‍ എല്ലാ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും മുന്നിട്ടിറങ്ങണമെന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.കുസുമം, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ എ രാജേന്ദ്രന്, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ സജോയ് ജോര്‍ജ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജി. ജോര്‍ജ് ബാസ്റ്റിന് എന്നിവര്‍ അറിയിച്ചു

