മൂവാറ്റുപുഴ : ഡീൻ കുര്യാക്കോസ് എംപിയുടെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന റൈസ് പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിൽനിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. പോത്താനിക്കാട്, പൈങ്ങോട്ടൂർ, ആവോലി, ആരക്കുഴ, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, വാളകം, പാലക്കുഴ, മൂവാറ്റുപുഴ നഗരസഭ എന്നിവിടങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെയുള്ള സ്കൂളുകളിലെ കുട്ടികൾക്കാണ് മെറിറ്റ് അവാർഡ് വിതരണം ചെയ്തത്.
മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങ് പ്രശസ്ത ചലച്ചിത്ര താരം ഭഗത് മാനുവൽ ഉദ്ഘാടനം ചെയ്തു. പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവച്ച നിയമസഭാമണ്ഡലത്തിലെ സ്കൂളുകൾക്കും ചടങ്ങിൽ അവാർഡുകൾ നൽകി. ഡീൻ കുര്യാക്കോസ് എം പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പി പി എൽദോസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അബ്ദുൽ സലാം, നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഫാദർ പോൾ ഇടത്തൊട്ടി, നഗരസഭാ വൈസ് ചെയർപേഴ്സൺ സിനി ബിജു, കെപിസിസി സെക്രട്ടറി കെ എം സലീം, മഞ്ഞളൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ട്, ജനപ്രതിനിധികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.