കാന്‍സര്‍ രോഗബാധിതരായവര്‍ക്ക് കാരുണ്യ സ്പര്‍ശവുമായി ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീമിലെയും മറ്റ് ക്ലബ്കളുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപികമാരും മുടി ദാനം ചെയ്ത് മാതൃകയായി. സ്കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം അധ്യാപികമാരായ ചലിത ചാക്കപ്പന്, ആതിര എന്നിവര്‍ മുടി ദാനം ചെയ്ത് ഉത്ഘാടനം തുടങ്ങി.
കാന്‍സര്‍ രോഗികള്‍ക്ക് റേഡിയേഷന് ചികിത്സ ആരംഭിക്കുന്ന ഘട്ടത്തില്‍ മുടി കൊഴിച്ചില്‍ ഉണ്ടാകുന്നതോടെ രോഗി ഒറ്റപ്പെടുകയും മാനസിക പിരിമുറുക്കം നേരിടുകയും പതിവാണ് . ഈ അവസ്ഥയെ മറികടക്കാന്‍ രോഗിയ്ക്ക് സഹായകമാവുകയാണ് നൈസര്‍ഗികമായ വിഗ് നല്‍കുന്നതിലൂടെ. ഒരു വിഗ് വാങ്ങുന്നതിന് ഏകദേശം 25,000 രുപയോളം വേണ്ടിവരും, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന രോഗികള്‍ക്ക് ഈ ചെലവ് താങ്ങുന്നതിലുമപ്പുറമാണ്.
തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ‘കേശദാനം സ്നേഹദാനം’ എന്ന പദ്ധതി പ്രകാരം മുടി ദാനം ചെയ്തത്. എണ്ണമയമില്ലാത്ത മുപ്പത് സെന്റീമീറ്റര്‍ നീളത്തിലുള്ള മുടിയാണ് ഇതിനായി ശേഖരിച്ചത്. മണ്ണത്തൂര്ക്കവലയിലെ അന്നാസ് ബ്യൂട്ടിപാര്‍ലറിലെ ബ്യൂട്ടീഷന്റെ സൗജന്യ സഹായത്തോടെയാണ് മുടി മുറിച്ചത്.
സ്കുള് പ്രിന്‍സിപ്പാള്‍ റോണി മാത്യു അധ്യക്ഷത വഹിച്ച യോഗം പി.ടി.എ പ്രസിഡന്റ് പി.ടി.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രഥമ അധ്യാപകന് സജികുമാര്‍ കാവില്‍, ശോഭന എം.എം, സമീര്‍ സിദ്ദീഖി.പി, രതീഷ് വിജയന്, അനൂപ് തങ്കപ്പന്, ദീപക് കര്‍ത്ത, ശ്രീകല.ജി, ജയന് കെ.എം തുടങ്ങിയവര്‍ നേത്യത്വം നല്കി.


