ആലപ്പുഴ: വീണ്ടും എസ്എഫ്ഐയില്‍ വ്യാജരേഖ വിവാദം. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ നിഖില്‍ തോമസിനെതിരെയാണ് ജില്ലാ കമ്മിറ്റി അംഗമായ പെണ്‍കുട്ടി സിപിഎം നേതൃത്വത്തിനെ സമീപിച്ചത്. ബികോമിന് പരാജയപ്പെട്ട നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് പഠിച്ചിരുന്ന അതേ കോളേജില്‍ തന്നെ എം.കോം പ്രവേശനം നേടിയെന്നാണ് പരാതി. സംഭവം വിവാദമായതോടെ നിഖിലിനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും എസ്എഫ്ഐ ഒഴിവാക്കി.
കായംകുളം മിലാദ് ഇ ഷെരീഫ് മെമ്മോറിയല്‍ കോളേജിലെ ബി.കോ വിദ്യാര്‍ത്ഥിയായിരുന്ന നിഖിള് ബി.കോം പൂര്‍ത്തിയാക്കിയിരുന്നില്ല. എന്നാല്‍ അതേ കോളേജില്‍ തന്നെ നിഖില്‍ എം. കോമിന് അഡ്മിഷന് നേടുകയായിരുന്നു. കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ അഡ്മിഷനായി ഹാജരാക്കിയത്. ഇത് വ്യാജമെന്നാണ് ജില്ലാ കമ്മിറ്റി അംഗവും കോളേജില്‍ നിഖിലിന്റെ ജൂനിയറുമായ വിദ്യാര്‍ത്ഥിനി ഉയര്‍ത്തുന്ന ആക്ഷേപം.
2018 – 2020 കാലഘട്ടത്തിലാണ് നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളേജില്‍ ബികോം ചെയ്തത്. ഡിഗ്രി തോറ്റ ഇദ്ദേഹം 2021 ല്‍ തന്നെ ഇവിടെ എം.കോമിന് ചേരുകയായിരുന്നു. 2019 – 2021 കാലഘട്ടത്തില്‍ കലിംഗ സര്‍വകലാശാലയില്‍ നിന്നും ഡിഗ്രി ലഭിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് കാട്ടിയാണ് അഡ്മിഷന് നേടിയത്. എന്നാല്‍ ഒരേ സമയം രണ്ട് സര്‍വകലാശാലയില്‍ പഠനം എങ്ങനെ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടിയുടെ പരാതി.


