പെരുമ്പാവൂര്‍ : പുല്ലുവഴി ഗവ. എല്‍.പി സ്കൂള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അഡ്വ. എല്‍ദോസ് കുന്നപ്പിളളി എം.എല്‍.എ പറഞ്ഞു. ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി സംസാരിക്കുകയയിരുന്നൂ എം.എല്‍.എ.
55 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്. രായമംഗലം ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂളില്‍ നിലവില്‍ ഉള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. പുതിയ നാല് ക്ലാസ്സ് മുറികളും കെട്ടിടത്തിന് അനുബന്ധമായി പടിക്കെട്ടുകളും നിര്‍മ്മിക്കുന്നതിന് പദ്ധതിയില്‍ തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3100 ചതുരശ്രയടി ചുറ്റളവിലാണ് പുതിയ ക്ലാസ്സ് മുറികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിയോജകമണ്ഡലത്തില്‍ വിദ്യഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനായി നടപ്പിലാക്കുന്ന ‘ ഇന്‍സ്പെയര്‍ പെരുമ്പാവൂര്‍ ‘ പദ്ധതിയുടെ ഭാഗമായാണ് പുല്ലുവഴി സ്കൂളിന് തുക അനുവദിച്ചത്. പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ നിലവാരവും വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യവും മെച്ചപ്പെടുത്താനുള്ള സമഗ്രമായ ഇടപെടലാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ജില്ലാ പഞ്ചായത്തംഗം ബേസില്‍ പോള്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ജോയ് വെള്ളഞ്ഞിയില്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പോള്‍ ഉതുപ്പ്, കെ.പി വര്‍ഗീസ്, സ്ഥിരം സമിതി അധ്യക്ഷന്‍ ജ്യോതിഷ് കുമാര്‍, പഞ്ചായത്തംഗങ്ങളായ രാജന് വര്‍ഗീസ്, എല്‍ദോ മാത്യു, ഐസക് തുരുത്തിയില്‍, ജോയ് പൂണേലില്‍, കെ.വി ജെയ്സണ്‍, ഹെഡ്മിസ്ട്രസ്സ് ഇ. സാജിത, പി.ടി.എ പ്രസിഡന്റ് രാജേഷ് കുമാര്‍ കെ.ബി, എസ്.എം.സി പ്രസിഡന്റ് സതീഷ് എന്‍.പി എന്നിവര്‍ സംബന്ധിച്ചു.