പളളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന. സർക്കാരിന് രേഖാമൂലം മറുപടി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു. സ്കൂളിന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും സിസ്റ്റർ ഹെലീന വ്യക്തമാക്കി. കുട്ടിയെ പുറത്താക്കിയിട്ടില്ല, ഹിജാബ് ധരിച്ച് തന്നെയാണ് ആർട്സ് ഡേയിൽ പങ്കെടുത്തത്. മന്ത്രി കാര്യങ്ങൾ പഠിക്കാതെയാണ് പറയുന്നത്.
സ്കൂളിന് എല്ലാ കുട്ടികളും ഒരുപോലെയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു. കുഞ്ഞിനോട് അപമര്യാദയായി പെരുമാറുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് അഭിഭാഷകയും വ്യക്തമാക്കി. അതേ സമയം, രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു. ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനി ഇന്ന് സ്കൂളിൽ എത്തില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ്. സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.