ഹിജാബ് ധരിച്ച എട്ടാം ക്ലാസുകാരിയെ ക്ലാസിന് പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് എതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്കൂളിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് ആവർത്തിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശിരോവസ്ത്രം വിലക്കിയത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. അതേ സമയം വിഷയത്തെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിലാണ് സ്കൂൾ മാനേജ്മെന്റ്. രണ്ട് ദിവസത്തെ അവധിക്ക് ശേഷം സ്കൂൾ വീണ്ടും തുറന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കുട്ടി സ്കൂളിൽ എത്തിയിട്ടില്ല.
അസ്വസ്ഥത ഉണ്ടാക്കുന്ന ഏത് വിഷയത്തിലും സർക്കാർ ഇടപെടും. വിഷയം ഒത്തുതീർപ്പായാൽ കടുത്ത നടപടി ഉണ്ടാകില്ല. അച്ഛനും അമ്മയും ആഗ്രഹിക്കുന്ന കാലത്തോളം കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ലാസിൽ എത്താമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർഥിനിയുടെ പിതാവ് പ്രശ്നം പരിഹരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും മന്ത്രി വീണ്ടും ഇത് പ്രശ്നമാക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്നാണ് സ്കൂൾ മാനേജ്മെൻറ് അഡ്വക്കേറ്റ് വിമല ബിനു ഇന്നലെ പ്രതികരിച്ചിരുന്നത്.


