മൂവാറ്റുപുഴ : വനിത ശിശുവികസന വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കും ലിംഗ വിവേചനങ്ങൾക്കുമെതിരെ നടത്തുന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിനിന്റെ സമാപനവും ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനവും പായിപ്ര ഗവ.യുപി സ്കൂളിൽ സംഘടിപ്പിച്ചു. നവംബർ 25 മുതൽ ഡിസംബർ 10 വരെ നടന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിനിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ രേഷ്മ എൻ ബി സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം, ശൈശവ വിവാഹം തടയൽ, പോക്സോ നിയമം, കുട്ടികളുടെ അവകാശങ്ങൾ എന്നിവയെ കുറിച്ച് ക്ലാസ്സെടുത്തു. പി ടി എ പ്രസിഡന്റ് നസീമ സുനിൽ മനുഷ്യാവകാശദിന സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് വിഎ റഹീമ ബീവി അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളും അധ്യാപകരും പ്രതിജ്ഞയെടുത്തും ,ഓറഞ്ച് നിറത്തിലുള്ള ഡ്രസ്സ്, പേന, ബലൂൺ തുടങ്ങിയവയുമായി ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അതിക്രമങ്ങൾക്കെതിരെ ഒപ്പിടൽ,പോസ്റ്റർ നിർമ്മാണം, ചിത്രരചന തുടങ്ങിയവയും നടന്നു. അധ്യാപകരായ കെ എം നൗഫൽ, സലീന എ, ആര്യാമോൾ എം എം , അധ്യാപക വിദ്യാർത്ഥികളായ അഥീന കെ സാജു, അനു മോൾ മാത്യു, ഫാത്തിമ ഷംന, അലീന ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.


