സംസ്ഥാനത്തെ ആതുര സേവന മേഖലയ്ക്ക് കൂടുതല്‍ കരുത്തേകുന്ന 28 പുതിയ കോഴ്സുകള്‍ ആരോഗ്യ സര്‍വകലാശാല ആരംഭിക്കും. മെഡിക്കല്‍, ആയുര്‍വേദ, ഡെന്റല്‍, അലൈഡ് ഹെല്‍ത്ത് സയന്‍സ്, നേഴ്സിങ്, ഹോമിയോപ്പതി, ഫാര്‍മസി വിഭാഗങ്ങളിലാണ് പുതിയ കോഴ്സുകള്‍. അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ച കോഴ്സുകളും സിലബസും 17ന് ചേരുന്ന ഗവേണിങ് ബോഡി പരിഗണിക്കും. കാലാനുസൃതമായ കോഴ്സുകളുടെ സാധ്യതപരിശോധിക്കാനും ആവിഷ്കരിക്കാനും ആരോഗ്യ മന്ത്രി കെ കെ ശൈലജ ആരോഗ്യ സര്‍വകലാശാലയോട് അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്നാണ് വിസി ഡോ. മോഹനന് കുന്നുമ്മലിന്റെ നേതൃത്വത്തില്‍ പുതിയ കോഴ്സുകള്‍ ഡിസൈന്‍ ചെയ്തത്.
പുതിയ കോഴ്സുകള്‍: മെഡിക്കല്‍- ഡിഎം ഓങ്കോപതോളജി, ഡി എം ഇന്‍ഫെക്ഷിയസ് ഡിസീസസ്. ആയുര്‍വേദ- സ്പോര്‍ട്സ് മെഡിസിന് എംഫില്‍, ട്രാന്സാക്ഷണല് എംഎഫില്‍, വൃക്ഷ ആയുര്‍വേദ പിജി ഡിപ്ലോമ, മൃഗ ആയുര്‍വേദ പിജി ഡിപ്ലോമ, വിദേശപൗരന്മാര്ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ്, രചനശരീര എംഡി ഡെന്റല്‍ വിഭാഗത്തില്‍ ഡെന്റല്‍ മെറ്റീരിയല്‍സില്‍ പിജി ഡിപ്ലോമ കോഴ്സ് ആരംഭിക്കും.
അലൈഡ് ഹെല്‍ത്ത് സയന്‍സില്‍ 11 പുതിയ കോഴ്സുകള്‍ ഉണ്ട്. കാര്‍ഡിയോ വാസ്കുലാര്‍ ടെക്നോളജി (എംസിവിടി), ബാച്ചിലര്‍ ഓഫ് ഓപ്പറേഷന് തിയറ്റര്‍ ടെക്നോളജി, ഹെല്‍ത്ത് കെയര്‍ കൗണ്‍സലിങ്ങില്‍ പിജി ഡിപ്ലോമ, മെഡിക്കല്‍ എത്തിക്സില്‍ പിജി ഡിപ്ലോമ, റിസര്‍ച്ച് മെത്തഡോളജിയില്‍ പിജി ഡിപ്ലോമ, ബയോ മെഡിക്കല്‍ വേസ്റ്റ് ഡിസ്പോസലില്‍ പിജി, ബിഎസ്സി മെഡിക്കല്‍ റേഡിയോതെറാപ്പി ടെക്നോളജി, ബിഎസ്സി റേഡിയോഡയഗ്നോസ്റ്റിക് ടെക്നോളജി, ബിഎസ്സി ന്യൂറോ ടെക്നോളജി എന്നിവയാണ് പുതിയ കോഴ്സുകള്‍. നേഴ്സിങ് വിഭാഗത്തില്‍ ഹെല്‍ത്ത് കെയര്‍ ന്യൂട്രീഷ്യന്‍, ഫോറന്‍സിക് നേഴ്സിങ്, മിഡ്വൈഫറി എന്നിവയില്‍ പിജി ഡിപ്ലോമ കോഴ്സുകള്‍ വരും.
ഹോമിയാപ്പതിയില് ഫാര്‍മസി, പീഡിയാട്രിക്സ് എന്നിവയും ഫാര്‍മസി വിഭാഗത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ റെഗുലേറ്ററി അഫയേഴ്സ്, ഇന്‍ഡസ്ട്രിയല്‍ ഫാര്‍മസി, പാരാമെഡിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ് എന്നിവയില്‍ എംഫാം കോഴ്സുകളുമാണ് ആരംഭിക്കുന്നത്.