ആലപ്പുഴ: സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം വെടിവെപ്പില്‍ കലാശിച്ച സംഭവത്തില്‍ വെടിവെച്ച വിദ്യാര്‍ഥിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എയര്‍ഗണ്ണും കത്തിയും കണ്ടെടുത്തു.
ആലപ്പുഴ നഗരത്തിലെ സര്‍ക്കാര്‍ സ്കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണു സംഭവം. സഹപാഠിക്കു നേരേയാണ് മറ്റൊരാള്‍ വെടിവെച്ചത്. ആര്‍ക്കും പരിക്കില്ല. അധ്യാപകര്‍ ബുധനാഴ്ച പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആലപ്പുഴ സൗത്ത് പോലീസ് വെടിയേറ്റ വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു. സംഭവത്തില്‍ വേറെ രണ്ടു വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നുപേര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് ജുവനൈല്‍ കോടതിക്കു റിപ്പോര്‍ട്ട് നല്കി. കുട്ടികള്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാകണം.