തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അക്കാദമിക് അഡൈ്വസറുമായ രതീഷ് കാളിയാടന്റെ പിഎച്ച്ഡിയിലും വിവാദമുയര്‍ന്നു. അനധികൃതമായാണ് രതീഷ് പിഎച്ച്ഡി നേടിയതെന്നാണ് കണ്ടെത്തല്‍. ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകനായി ജോലി ചെയ്ത കാലയളവില്‍ അസം സര്‍വകലാശാലയില്‍ നിന്നും ഫുള്‍ടൈം പിഎച്ച്ഡി നേടിയതെന്നാണ് രേഖയിലുള്ളത്.
2012 ഒക്ടോബര്‍ ഒന്ന് മുതല്‍ 2014 നവംബര്‍ അഞ്ച് വരെയുള്ള കാലയളവിലാണ് ഗവേഷണം നടത്തിയത്. രതീഷ് കാളിയാടന്റെ പ്രബന്ധത്തില്‍ ശരാശരി 70 ശതമാനവും കോപ്പിയടിച്ചതാണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്റര്‍നെറ്റ്, പ്രസിദ്ധീകരണങ്ങള്‍, വിദ്യാര്‍ത്ഥി പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയില്‍ നിന്നുമാണ് പ്രധാനമായും കോപ്പിയടിച്ചിരിക്കുന്നത്.
സോഫ്റ്റ്വെയര് മുഖേന ഓരോ ചാപ്റ്ററും പരിശോധിച്ചപ്പോഴാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവന്നത്. ഒന്നാമത്തെ ചാപ്റ്ററില്‍ 85 ശതമാനവും രണ്ടാം ചാപ്റ്ററില്‍ 95 ശതമാനവും മൂന്നാം ചാപ്റ്ററില്‍ 62 ശതമാനവും കോപ്പിയടിച്ചതാണ്. നാലം ചാപ്റ്ററില്‍ 66 ശതമാനവും അഞ്ചാമത്തേതില്‍ 86 ശതമാനത്തോളവും ഇന്റര്‍നെറ്റില്‍ നിന്നും മറ്റും കോപ്പിയടിച്ചതാണെന്ന് സോഫ്റ്റ്വെയര് വ്യക്തമാക്കുന്നു.
പിഎച്ച്ഡി പൂര്‍ത്തിയാക്കാനായി മൂന്ന് വര്‍ഷം വേണമെന്നിരിക്കെയാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഗവേഷണം പൂര്‍ത്തീകരിച്ചത്. ഹയര്‍സെക്കന്‍ഡറി മുഴുവന്‍ സമയ അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടെ അസമില്‍ പിഎച്ച്ഡി ചെയ്യാന്‍ കഴിയില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന് ആവശ്യപ്പെട്ടു.


